ഇഎംഎസ് -എകെജി അനുസ്മരണം നടത്തി
Wednesday, March 30, 2016 6:22 AM IST
മസ്ക്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരളവിഭാഗം ഇഎംഎസ്-എകെജി അനുസ്മരണം സംഘടിപ്പിച്ചു.

ഡാര്‍സയിറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ 'ജയ് കിസാന്‍: മാറുന്ന മുദ്രാവാക്യവും തകര്‍ന്ന ജീവിതങ്ങളും' എന്ന വിഷയത്തെ അധികരിച്ച് മുന്‍ ജെഎന്‍യു സ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റും അഖിലേന്ത്യാ കിസാന്‍ സഭാ ജോയിന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. കാര്‍ഷികമേഖലയെ പൂര്‍ണമായ തകര്‍ച്ചയിലേക്കു തള്ളിവിടുകയാണ് ആഗോളവത്കരണ ഉദാരവത്കരണ നയങ്ങളിലൂടെ കേന്ദ്രത്തിലെ മുന്‍ സര്‍ക്കാരും ഇപ്പോഴത്തെ സര്‍ക്കാരും ചെയ്യുന്നതെന്ന് വിജു കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കൃഷിഭൂമികള്‍ റിസോര്‍ട്ടുകളും ബംഗ്ളാവുകളുമായി മാറുന്നു. കര്‍ഷകരുടെ വരുമാനം 2022 ആകുമ്പോഴേയ്ക്കും ഇരട്ടിയാക്കും എന്നത് രാജ്യം ഇന്നോളം കേട്ടതില്‍ ഏറ്റവും വലിയ നുണ പ്രചാരണമായി മാറാന്‍ പോകുകയാണ്. മറ്റെല്ലാ രംഗത്തുമെന്നതു പോലെ, ഇതിനായി യാതൊരു പ്രായോഗിക നടപടിയുമില്ലാതെ വെറും ബഡായി പറയുകയാണ് കേന്ദ്ര സര്‍ക്കാര്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നിയമം രാജ്യത്തെ കാര്‍ഷിക ഭൂമിയെ ഫലത്തില്‍ ഇല്ലാതാക്കുന്നതാണ്. വിദേശ ധന മൂലധന ശക്തികള്‍ക്കുവേണ്ടി ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ഇല്ലാതാക്കുകയാണ്. ഇതിനെതിരെ മുന്നൂറോളം സംഘടനകളെ അണിനിരത്തിക്കൊണ്ട് അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ വമ്പിച്ച ചെറുത്തു നില്‍പ്പുകളിലൂടെയാണ് തെറ്റായ കേന്ദ്ര നയം തിരുത്താന്‍ കഴിഞ്ഞത്. ഓരോ വര്‍ഷവും കാര്‍ഷിക രംഗത്തെ പൊതു നിക്ഷേപം കുറഞ്ഞു വരുന്നു. ഏറ്റവും ഒടുവില്‍ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ കള്ളക്കണക്കിലൂടെ തെറ്റിദ്ധരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഭൂരഹിതരായ കര്‍ഷകര്‍ക്ക് കാര്‍ഷിക ലോണ്‍ ലഭ്യമാകുന്നില്ല. അങ്ങനെ കഴുത്തറപ്പന്‍ ബ്ളേഡുകളെ ആശ്രയിക്കേണ്ടി വരുന്ന കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ടതായി വരുന്നു. 2014നു ശേഷം കര്‍ഷകആത്മഹത്യകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു.

കേരളത്തില്‍ റബര്‍ കര്‍ഷകരും ഉത്തരേന്ത്യയിലെ വാനില, പരുത്തി കര്‍ഷകരുമെല്ലാം കാര്‍ഷികരംഗത്തെ വിലയിടിവുമായി ബന്ധപ്പെട്ട തീരാ ദുരിതത്തിലാണ്. പശുവളര്‍ത്തലും വിപണനവും വിവാദമായ പുതിയ സാഹചര്യത്തില്‍, പ്രായം ചെന്ന പശുക്കളെ സംരക്ഷിക്കേണ്ടി വരുന്നത് കര്‍ഷകര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു.

കേരളവിഭാഗം കോ കണ്‍വീനര്‍ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വിജു കൃഷ്ണനു കേരള വിഭാഗം സ്ഥാപക കണ്‍വീനറും ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറിയുമായ പി.എം ജാബിര്‍ ഉപഹാരം സമ്മാനിച്ചു. ദീര്‍ഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അല്ക്കല രവിയെ (ബോധാനന്ദന്‍) ആദരിച്ചു. ചടങ്ങില്‍ സാഹിത്യ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ജ്യോതി പൌലോസ് പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം