അടിയന്തര ഘട്ടത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടും: ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ജയിന്‍
Wednesday, March 30, 2016 5:07 AM IST
കുവൈത്ത് സിറ്റി : കുവൈത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളിന്റെ വിഷയത്തില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പ്രശ്നമെന്ന നിലയില്‍ എംബസി ഇടപെടുമെന്ന് അംബാസിഡര്‍ സുനില്‍ ജയിന്‍ പറഞ്ഞു. 1959 ല്‍ ആരംഭിച്ച കുവൈത്തിലെ തന്നെ പ്രഥമ ഇന്ത്യന്‍ വിദ്യാലയമായ കമ്മ്യൂണിറ്റി സ്കൂളില്‍ അടുത്തിടെയുണ്ടായ തര്‍ക്ക വിഷയങ്ങളെക്കുറിച്ച് മലയാളി മീഡിയ പ്രവര്‍ത്തകര്‍ ശ്രദ്ധ ക്ഷണിച്ചപ്പോയാണ് സുനില്‍ ജയിന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. നിലവിലെ ഭരണഘടന അനുസരിച്ച് സ്കൂളിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുവാന്‍ സാധിക്കില്ലെങ്കിലും അടിയന്തിര ഘട്ടത്തില്‍ ഇടപെടാനാവശ്യമായ നിയമ ഭേദഗതിയെക്കുറിച്ച് സ്കൂള്‍ ബോര്‍ഡുമായി ആലോചിക്കുമെന്ന് എംഎംഎഫ് ഭാരവാഹികള്‍ക്ക് സ്ഥാനപതി ഉറപ്പു നല്‍കി.

നഴ്സിംഗ് റിക്രൂട്ടുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങള്‍ നിരന്തരമായി എംബസി നടത്തിയിട്ടുണ്ട്. കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി നടത്തിയ കൂടികാഴ്ചയില്‍ അടുത്ത മാസം കുവൈത്ത് ആരോഗ്യ മന്ത്രാലയ സംഘം കേരളം സന്ദര്‍ശിക്കുമെന്നും സുനില്‍ ജയിന്‍ വ്യക്തമാക്കി. എംബസ്സി അങ്കണത്തില്‍ പ്രവര്‍ത്തനം നിലച്ച കാന്റീന്റെ പ്രവര്‍ത്തനം പുനസ്ഥാപിക്കണമെന്ന് എംഎംഎഫ് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. മലയാളി മീഡിയ ഫോറം ഭാരവാഹികളായ സാം പൈനംമൂട് ,ഇസ്മായില്‍ പയ്യോളി , നിക്സന്‍ ജോര്‍ജ്, തോമസ് മാത്യു കടവില്‍ , റെജി ഭാസ്കര്‍ , ഇന്ത്യന്‍ എംബസ്സി കമ്യൂണിറ്റി വെല്‍ഫയര്‍ സെക്രട്ടറി തെഹല്‍ എന്നീവര്‍ കൂടികാഴ്ചയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍