സൌദി കെഎംസിസി അംഗത്വ കാമ്പയിന്‍ മാര്‍ച്ച് 31ന് അവസാനിക്കും
Tuesday, March 29, 2016 5:47 AM IST
റിയാദ്: കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റിയുടെ ഏകീകൃത മെംബര്‍ഷിപ്പ് കാമ്പയിന്‍ മാര്‍ച്ച് 31നു അവസാനിക്കും. നാലു പതിറ്റാണ്ട് പിന്നിടുന്ന കെഎംസിസിക്കു സൌദി ദേശീയാടിസ്ഥാനത്തില്‍ ആദ്യമായാണ് ഏകീകൃത മെംബര്‍ഷിപ്പ് കാമ്പയിന്‍ നടക്കുന്നത്.

ജനുവരി ഒന്നിനു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങളാണ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. കാമ്പയിന്‍ കാലയളവില്‍ സൌദിയിലെത്തിയ ഹൈദരലി തങ്ങള്‍ ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലെ മെംബര്‍ഷിപ് കാമ്പയിന്‍ പരിപാടികളിള്‍ പങ്കെടുത്തിരുന്നു. അംഗത്വത്തിനു അപേക്ഷിക്കാനുള്ള കാലാവധി ഫെബ്രുവരി 29 വരെയായിരുന്നുവെങ്കിലും ചില സെന്‍ട്രല്‍ കമ്മിറ്റികളുടെ അഭ്യര്‍ഥന മാനിച്ച് ഒരു മാസം കൂടി സമയം ദീര്‍ഘിക്കുകയായിരുന്നു. ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയും ജീവകാരുണ്യ പ്രസ്ഥാനവുമായ കെഎംസിസിയില്‍ അംഗത്വമെടുക്കാന്‍ സൌദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലുള്ള മലയാളി സമൂഹം അഭൂതപൂര്‍വമായ താത്പര്യമാണു കാണിച്ചത്. അംഗത്വത്തിന് അപേക്ഷിച്ചവര്‍ക്കെല്ലാം നാഷണല്‍ കമ്മിറ്റിയുടെ മെംബര്‍ഷിപ്പ് കാര്‍ഡ് നല്‍കും. അംഗങ്ങളെ ചേര്‍ക്കുന്ന നടപടി അവസാനിച്ചാലുടന്‍ മെംബര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള കമ്മിറ്റികള്‍ രൂപീകരിക്കും.

ഏപ്രില്‍ മുപ്പതിനുള്ളില്‍ ഏരിയ കമ്മിറ്റികള്‍ രൂപീകരിക്കും. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം സെന്‍ട്രല്‍, നാഷണല്‍ കമ്മിറ്റികളും നിലവില്‍ വരും. നാഷണല്‍ കമ്മിറ്റി നല്‍കിയ മാര്‍ഗനിര്‍ദേശം അനുസരിച്ചാണു കെഎംസിസി കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതെന്നും ആവശ്യമുള്ളവര്‍ക്കെല്ലാം കെഎംസിസി മെമ്പര്‍ഷിപ്പ് ലഭിച്ചതായി ഉറപ്പുവരുത്താന്‍ സെന്‍ട്രല്‍ കമ്മിറ്റികള്‍ ശ്രദ്ധിക്കണമെന്നും നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് പി.ടി. മുഹമ്മദ് കുട്ടിയും ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ടും അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍