'വികസനത്തിനും സ്വൈര്യജീവിതത്തിനും ഭരണത്തുടര്‍ച്ച അനിവാര്യം'
Tuesday, March 29, 2016 5:47 AM IST
റിയാദ്: കേരളത്തിന്റെ വികസനത്തിനും സ്വൈര്യജീവിതത്തിനും ഭരണത്തുടര്‍ച്ച അനിവാര്യമാണെന്നും വികസനങ്ങളുടെ പിന്നിട്ട അഞ്ചു വര്‍ഷങ്ങള്‍ കേരളീയ പൊതുസമൂഹത്തിനു വിസ്മരിക്കാനാവാത്ത നാളുകളായി ചരിത്രം രേഖപ്പെടുത്തുമെന്നും മലപ്പുറം കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി. ആസന്നമായ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലേക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി പ്രവര്‍ത്തകരെ സജ്ജരാക്കാന്‍ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിശാബോധമില്ലാത്ത ഒരു കൂട്ടം വികസന വിരോധികള്‍ക്കു കേരളത്തിന്റെ ഭരണമേല്‍പിക്കാന്‍ മാത്രം വിഡ്ഢികളല്ല കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാരെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ച കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള അഭിപ്രായപ്പെട്ടു.

നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ പാവപ്പെട്ട വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് വോട്ടു തട്ടാനുള്ള ശ്രമങ്ങള്‍ കരുതിയിരിക്കണമെന്നും പ്രവാസികളായ നാം പരമാവധി വോട്ടുകള്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ ചിഹ്നത്തില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്നു ജില്ലാ പ്രസിഡന്റ് ജിഫിന്‍ അരീക്കോട് പറഞ്ഞു.

ട്രഷറര്‍ മജീദ് ചിങ്ങോലി, സെക്രട്ടറി ഷാജി കുന്നിക്കോട് എന്നിവരെ ആദരിച്ചു. ഒഐസിസി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ സീനിയര്‍ വൈസ് പ്രസിഡന്റ് സലിം കളക്കര, ജനറല്‍ സെക്രട്ടറി സജി കായംകുളം, നൌഷീദ് അരീകോട്, നൌഫല്‍ പാലക്കാടന്‍, ഷാഫി കൊടിഞ്ഞി, സലാം തെന്നല, ജംഷാദ് തുവൂര്‍ എന്നിവര്‍ സംസാരിച്ചു. നാട്ടില്‍ നിന്ന് ടെലിഫോണ്‍ വഴി മലപ്പുറം ഡിസിസി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞിയും കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ വി.എസ്. ജോയിയും ചടങ്ങിനെ അഭിസംബോധന ചെയ്തു. ജന. സെക്രട്ടറി സക്കീര്‍ ധാനത്ത്, വഹീദ് വാഴക്കാട്,അന്‍വര്‍ വാഴക്കാട്, റഫീക്ക് കൊടിഞ്ഞി, അന്‍വര്‍ സാദത്ത്, അഫ്സര്‍, കരീം മഞ്ചേരി എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍