റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) കുടുംബ സംഗമം നടത്തി
Tuesday, March 29, 2016 5:07 AM IST
റിയാദ്: മലയാളി മാധ്യമപ്രവര്‍ത്തകരുടെ പൊതു വേദി റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) കുടുംബ സംഗമം വിവിധ പരിപാടികളോടെ അരങ്ങേറി. ഷക്കീബ് കൊളക്കാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാസര്‍ കാരന്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു. മുന്‍ പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ടിനു വേണ്ടി അക്ബര്‍ വേങ്ങാട്ട്, കെ.സി.എം. അബ്ദുല്ല, ഉബൈദ് എടവണ്ണ, നസ്റുദ്ദീന്‍ വി.ജെ എന്നിവര്‍ക്ക് നാസര്‍ കാരന്തൂര്‍, ഇനാമുറഹ്മാന്‍, ബഷീര്‍ പാങ്ങോട് എന്നിവര്‍ ഉപഹാരം സമ്മാനിച്ചു.

ഉബൈദ് എടവണ്ണ, കെ.സി.എം. അബ്ദുല്ല, നജിം കൊച്ചുകലുങ്ക്, അക്ബര്‍ വേങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു. വിനോദ, വിജ്ഞാന കലാപരിപാടികളും അരങ്ങേറി. ഇല്ല്യാസ് മാഷിന്റെ നേതൃത്വത്തില്‍ മെഹഫില്‍ അവതരിപ്പിച്ചു. കുസൃതി ചോദ്യങ്ങളും മത്സര പരിപാടികള്‍ക്കും ദില്ലു ഷക്കീബ്, സല്‍വ എന്നിവര്‍ നേതൃത്വം നല്‍കി.

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മധുരമൂറുന്ന രാഗം പെയ്തിറങ്ങിയ മെഹഫില്‍ വേറിട്ട അനുഭവമായി. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ കുടുംബ സംഗമത്തോടനുബന്ധിച്ചാണു മെഹഫില്‍ സംഘടിപ്പിച്ചത്. ഗൃഹാതുരമായ ഓര്‍മ്മകളും സ്നേഹം തുളുമ്പുന്ന ഇന്നലെകളിലെ സംഗീതവും തനത് ശൈലിയില്‍ പുനരാവിഷ്കരിച്ചത് ഹര്‍ഷാരവത്തോടെയാണ് എതിരേറ്റത്. മേഘമന്‍ഹാര്‍, സിന്ദുഭൈരവി, കല്യാണി, മോഹനം തുടങ്ങിയ രാഗങ്ങളില്‍ ഇല്ല്യാസ് മണ്ണാര്‍കാടിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇമ്പമാര്‍ന്ന ഗാനങ്ങള്‍ അവതരിപ്പിച്ചത്. ഒരുപുഷ്പം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍, സുറുമയെഴുതിയ മിഴികളെ, തളിരിട്ട കിനാക്കള്‍ തന്‍, അചാരെ പരിദേശി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആസ്വാദകരെ ഹരംപിടിപ്പിച്ചു. ഭക്തിയുടെ നിറവില്‍ ഖാവാലി അവതരിപ്പിച്ചതും ശ്രദ്ധേയമായി. 1960-70 കാലഘട്ടത്തിലെ ബാബുരാജ്, യൂസഫലി കച്ചേരി ടീമിന്റെ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മനം കവരുന്ന ഗാനങ്ങളാണ് തനിമ നഷ്ടപ്പെടാതെ അവതരിപ്പിച്ചത്.

ഗിരിദാസ് കൊല്ലം, ജിജോ മാസ്റ്റര്‍, ഹനീഫ കാപ്പാട്, ഗാഥ ഗോപകുമാര്‍, കാദര്‍ ഭായ് കോഴിക്കോട് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഇല്യാസ് മണ്ണാര്‍ക്കാട് (ഹര്‍മോണിയം), ബിജു ഉതുപ്പ്, ഷാഫി കോഴിക്കോട് (തബല), ജോഷി ആലപ്പുഴ (റിതം പാട്) എന്നിവര്‍ വിവിധ വാദ്യോപകരണങ്ങള്‍ വായിച്ചു. നിസാം വെമ്പായം അവതാരകനായിരുന്നു. ഷംനാദ് കരുനാഗപ്പളളി, സുലൈമാന്‍ ഊരകം, റബീഹ് മുഹമ്മദ് നേതൃത്വം നല്‍കി. ജന. സെക്രട്ടറി നസ്റുദ്ദീന്‍ വി.ജെ സ്വാഗതവും ട്രഷറര്‍ റഷീദ് ഖാസിമി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍