സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിച്ചു
Tuesday, March 29, 2016 5:06 AM IST
ന്യൂജേഴ്സി: അനുരഞ്ജനത്തിന്റേയും ത്യാഗത്തിന്റേയും സ്മരണകളുണര്‍ത്തിയ വിശുദ്ധ വാരാചരണം കഴിഞ്ഞ്, മാനവരാശിയെ പാപത്തിന്റെ കരങ്ങളില്‍നിന്ന് മോചിപ്പിച്ച് മോക്ഷത്തിന്റെ വഴി കാണിച്ചുതന്ന നിത്യരക്ഷകന്റെ ത്യാഗത്തിന്റേയും, സ്നേഹത്തിന്റേയും സ്മരണകളുണര്‍ത്തിയ ഉയിര്‍പ്പ് തിരുനാള്‍ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരവും പ്രൌഢഗംഭീരവുമായി നടത്തപ്പെട്ടു.

മാര്‍ച്ച് 26നു വൈകുന്നേരം 7:30ന് ഉയിര്‍പ്പ് തിരുനാളിന്റെ തിരുക്കര്‍മങ്ങള്‍ക്ക് തുടക്കംകുറിച്ചു. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലെ പ്രൊഫസറും, പ്രമുഖ വചനപ്രഘോഷകനും, വാഗ്മിയും, ശാലോം ടെലിവിഷന്‍ പ്രോഗ്രാമിലൂടെ ശ്രദ്ധേയനുമായ റവ. ഡോ. സിബി കുര്യന്റെ മുഖ്യ കാര്‍മികത്വത്തിലും, ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍, ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവരുടെ സഹകാര്‍മികത്വത്തിലും ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങളും, ആഘോഷമായ ദിവ്യബലിയും നടത്തപ്പെട്ടു.

കൈകളില്‍ കത്തിച്ച മെഴുകുതിരികളുമായി ആഘോഷമായ തിരുനാള്‍ പ്രദക്ഷിണത്തിനുശേഷം ദിവ്യബലി മധ്യേ റവ. ഡോ. സിബി കുര്യന്‍ ഉയിര്‍പ്പ് തിരുനാളിന്റെ സന്ദേശം നല്‍കി.

ദിവ്യബലിമധ്യേ ദേവാലയത്തിലെ സി.സി.ഡി കുട്ടികള്‍ നോമ്പ് കാലത്തില്‍ ഉയിപ്പു തിരുനാളിനൊരുക്കമായി ചെയ്ത ത്യാഗപ്രവര്‍ത്തികളുടെയും, പുണ്യപ്രവര്‍ത്തങ്ങളുടെയും, പ്രാര്‍ത്ഥനകളു യുടെയും പ്രതീകമായ സ്പിരിച്വല്‍ ബൊക്കെ കാണിക്കയായി സമര്‍പ്പണം നടത്തി. നാലാം ക്ളാസ്സില്‍ പഠിക്കുന്ന പരിശീലനം പൂര്‍ത്തിയാക്കിയ അള്‍ത്താര ശുശ്രൂഷികളുടെ വാഴിക്കല്‍ ചടങ്ങും നടത്തപ്പെട്ടു. പരിശീലനം നല്‍കിയ ലിയോണ ടോമി, അന്‍സാ ബിജോ, ആഷ്ലി തൂങ്കുഴി എന്നിവരെ വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍ പ്രത്യേകം അഭിനന്ദിച്ചു.

ദിവ്യബലിക്കുശേഷം തിരുസ്വരൂപ വണക്കം, നേര്‍ച്ചകാഴ്ച സമര്‍പ്പണം എന്നിവ നടന്നു. ഇടവകയിലെ ഗായകസംഘം ആലപിച്ച ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ ഉയിര്‍പ്പ് തിരുനാളിന്റെ ചടങ്ങുകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.

ഓശാന തിരുനാള്‍ മുതല്‍ ഉയിര്‍പ്പുതിരുനാള്‍ വരെയുളള തിരുക്കര്‍മങ്ങളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും, തിരുക്കര്‍മങ്ങളില്‍ സഹകരിച്ച എല്ലാ വൈദികര്‍ക്കും, ദേവാലയത്തിലെ ഭക്തസംഘടനാ ഭാരവാഹികള്‍ക്കും മറ്റു പ്രവര്‍ത്തകര്‍ക്കും, ഗായകസംഘത്തിനും, ഇടവക, ട്രസ്റ്റിമാരായ തോമസ് ചെറിയാന്‍ പടവില്‍ , ടോം പെരുമ്പായില്‍, മേരിദാസന്‍ തോമസ്, മിനേഷ് ജോസഫ് എന്നിവര്‍ക്കും വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍ നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു. ംലയ: ംംം.വീാെേേമ്യൃീിഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം