ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഈസ്റര്‍ ആഘോഷിച്ചു
Monday, March 28, 2016 8:14 AM IST
ഷിക്കാഗോ: അമ്പതു ദിവസത്തെ നോമ്പിനും ഉപവാസത്തിനും സമാപനം കുറിച്ചുകൊണ്ട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വിശ്വാസികള്‍ ഈസ്റര്‍ ആഘോഷിച്ചു.

രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞു രണ്ടു വരെ വിവിധ പരിപാടികളോടുകൂടി നടന്ന ഈസ്റര്‍ ആരാധനയ്ക്ക് ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. അലക്സിയോസ് മാര്‍ യൌസേബിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ദാനിയേല്‍ ജോര്‍ജ് സഹകാര്‍മികനായിരുന്നു.

ഷിക്കാഗോയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ ഓര്‍ത്തഡോക്സ് വിശ്വാസികളും ചേര്‍ന്ന് സെന്റ് ഡിമിട്രിയോസ് ഗ്രീക്ക് ദേവാലയത്തില്‍ പെസഹാ വ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി നിരവധി വിശ്വാസികള്‍ സംഗബന്ധിച്ചത് ഒരു ചരിത്രാനുഭവമായി മാറി.

മാര്‍ത്തമറിയം വനിതാ നോമ്പുകാലത്ത് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച തുക സമാജം ട്രസ്റി റേയ്ച്ചല്‍ ജോസഫ്, സെക്രട്ടറി അലീന ഡാനിയേല്‍ എന്നിവര്‍ ചേര്‍ന്നു മാര്‍ യൌസേബിയോസിനു കൈമാറി. സമാജം റീജണല്‍ സെക്രട്ടറി റീന വര്‍ക്കി ചടങ്ങില്‍ സംബന്ധിച്ചു.

മാര്‍ മക്കാറിയോസ് മെമ്മോറിയല്‍ ഹാളില്‍ നടന്ന സ്നേഹവിരുന്നോടുകൂടി ആഘോഷങ്ങള്‍ സമാപിച്ചു. ജോണ്‍ പി. ജോണ്‍, റീന വര്‍ക്കി, ഷിബു മാത്യൂസ്, റേയ്ച്ചല്‍ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം