'പ്രാവാസികളെ കൊള്ള ചെയ്യുന്നത് അവസാനിപ്പിക്കണം'
Monday, March 28, 2016 6:09 AM IST
ജിദ്ദ: പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികളുടെ സമീപനം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ അവസാനിപ്പിക്കണമെന്ന് ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍ ജിദ്ദ പത്രപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വേനലവധിയും റംസാനും ഈദും കുടുംബത്തിന്റ കൂടെ നാട്ടില്‍ ആഘോഷിക്കാന്‍ തയാറെടുക്കുന്ന പ്രവാസികളെ പിഴിയാന്‍ വിമാന കമ്പനികള്‍ മല്‍സരം തുടങ്ങിയതില്‍ പ്രവാസികള്‍ പ്രതിഷേധിച്ചു. ചെലവു കുറഞ്ഞ യാത്ര വാഗ്ദാനം ചെയ്ത് ആരംഭിച്ച എയര്‍ ഇന്ത്യാ എക്സ്പ്രസ് ഉള്‍പ്പെടെ ഗള്‍ഫ് മേഖലയിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ വിമാന കമ്പനികളും സ്കൂള്‍ അവധിക്കാലം മുന്നില്‍ കണ്ട് പ്രവാസികളെ പരമാവധി ചൂഷണം ചെയ്യുകയാണ്.

ഏപ്രില്‍ മുതല്‍ ഏതാണ്ട് ഒമ്പത് ഇരട്ടി വര്‍ധനയാണു വിമാന കമ്പനികള്‍ നടപ്പാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇതു വളരെ കൂടുതലാണ്. ഇന്ത്യന്‍ വിമാന കമ്പനികള്‍ ഇത്തരത്തില്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ നിരക്ക് കൂട്ടുന്നതു വിദേശ കമ്പനികള്‍ക്കും നിരക്കു കൂട്ടാന്‍ അവസരം ഒരുക്കുന്നുവെന്നു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഇന്ധനവില എക്കാലത്തേയും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയിട്ടും കമ്പനികള്‍ കൊയ്യുന്ന ലാഭത്തില്‍ ഒരു കുറവും വരുത്താന്‍ വിമാന
കമ്പനികള്‍ തയാറല്ല. അതുപോലെ തന്നെ കാലിക്കട്ട് എയര്‍പോട്ട് പണി തീര്‍ന്നാലും വലിയ വിമാനങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കില്ലെന്നു പറയുന്ന കേന്ദ്ര ഗവണ്‍മെന്റിന്റേയും എയര്‍പോട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടേയും നിലപാടില്‍ ആവാസ് ജിദ്ദ ഉത്കണ്ഠ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍