പക്ഷാഘാതത്തെതുടര്‍ന്നു ചികിത്സയിലായിരുന്ന ജോണ്‍സണ്‍ നാട്ടിലേക്ക്
Monday, March 28, 2016 6:07 AM IST
കുവൈത്ത് സിറ്റി: പക്ഷാഘാതം സംഭവിച്ച് വലതുഭാഗം തളര്‍ന്നു ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എറണാകുളം ഫോര്‍ട്ട്കൊച്ചി സ്വദേശി ജോണ്‍സണ്‍ ജോസഫ് നാട്ടിലേക്കു മടങ്ങുന്നു.

ജോണ്‍സനെ നാട്ടിലേക്ക് അയയ്ക്കുന്നതിനും ചികിത്സയ്ക്കുമായി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മറ്റു സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹായത്തോടെ നടത്തിയ പ്രവര്‍ത്തന ഫലമായി അദ്ദേഹം ഞായറാഴ്ച രാത്രി കുവൈത്ത് എയര്‍വേയ്സ് വിമാനത്തിലാണു നാട്ടിലേക്കു മടങ്ങുന്നത്.

കഴിഞ്ഞ ഒരു മാസക്കാലമായി സുഹൃത്തുക്കളുടേയും ആശുപത്രി ജീവനക്കാരുടേയും പരിചരണത്തിലായിരുന്നു അദ്ദേഹം. നാട്ടില്‍ രോഗാതുരയായ അമ്മയും വിദ്യാര്‍ഥികളായ രണ്ട് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം കുവൈത്തില്‍ ചെറിയ ജോലികള്‍ ചെയ്തു വന്ന ജോണ്‍സന്റെ ചെറിയ വരുമാനത്തിലാണു കഴിഞ്ഞിരുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍