ഗ്ളോബല്‍ കമ്മിറ്റി ഭാരവാഹികളെ ദമാം ഒഐസിസി അഭിനന്ദിച്ചു
Monday, March 28, 2016 6:05 AM IST
ദമാം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) ഗ്ളോബല്‍ കമ്മിറ്റി ഭാരവാഹികളായി കെപിസിസി നിയമിച്ച ദമാം റീജണില്‍ നിന്നുള്ള അഹമ്മദ് പുളിക്കല്‍, സി. അബ്ദുല്‍ ഹമീദ് (വൈസ് പ്രസിഡന്റുമാര്‍), മന്‍സൂര്‍ പള്ളൂര്‍ (ഔദ്യോഗിക വക്താവ്), ചന്ദ്രന്‍ കല്ലട, അഷറഫ് മൂവാറ്റുപുഴ (സെക്രട്ടറിമാര്‍) എന്നിവരെ ഒഐസിസി ദമാം റീജണല്‍ കമ്മിറ്റി അഭിനന്ദിച്ചു.

കിഴക്കന്‍ പ്രവിശ്യയിലെ കോണ്‍ഗ്രസ് സംഘടനാരംഗത്ത് ദീര്‍ഘകാലത്തെ സേവന പാരമ്പര്യമുള്ള നേതാക്കള്‍ക്കു ലഭിച്ച അര്‍ഹമായ അംഗീകാരമാണിത്. ഇവരുടെ സ്ഥാനലബ്ധി പ്രവിശ്യയില്‍ ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുമെന്നു ദമാം റീജണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലയും ജനറല്‍ സെക്രട്ടറി ഇ.കെ. സലിമും അഭിപ്രായപ്പെട്ടു.

സി.കെ. മേനോന്‍ പ്രസിഡന്റും കെ.എം. ഷെരീഫ് കുഞ്ഞ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായുള്ള മുപ്പത്തിരണ്ടംഗ കമ്മിറ്റിക്കാണ് കെപിസിസി പ്രസിഡന്റ് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയത്. യൂറോപ്യന്‍ രാജ്യങ്ങളിലെയും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെയും നേതാക്കള്‍ ഉള്‍പ്പെടുന്ന ഭാരവാഹികപട്ടികയില്‍ ദമാം റീജണിനു മുന്തിയ പരിഗണന നല്‍കിയ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെയും ഒഐസിസി ചുമതലയുള്ള കെപിസിസി ഭാരവാഹികളെയും ഗ്ളോബല്‍ കമ്മിറ്റി പ്രസിഡന്റ് സി.കെ. മേനോനെയും ദമാം റീജണല്‍ കമ്മിറ്റിയുടെ നന്ദി അറിയിച്ചതായി നേതാക്കള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം