മലയാളസിനിമയ്ക്ക് ഇത് നഷ്ടങ്ങളുടെ വര്‍ഷം: നവയുഗം
Monday, March 28, 2016 5:13 AM IST
ദമാം: മലയാള സിനിമാതാരവും പ്രശസ്ത പാരഡികാഥികന്‍ വി.ഡി. രാജപ്പന്റെയും, യുവനടന്‍ ജിഷ്ണു രാഘവന്റെയും മരണത്തില്‍ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

2016 ആരംഭം മുതല്‍ തന്നെ മലയാളസിനിമയ്ക്ക് ഏറെ നഷ്ടങ്ങള്‍ ഉണ്ടായിരിയ്ക്കുകയാണ്. നമുക്ക് പ്രിയപ്പെട്ട പല കലാകാരന്മാരും വളരെപെട്ടെന്ന് കാലയവനികയ്ക്കുള്ളില്‍ മറയുന്നത് നാം കണ്ടു. ആ നഷ്ടങ്ങളുടെ പട്ടികയിലേക്കു പ്രിയപ്പെട്ട വി.ഡി.രാജപ്പന്റെയും, ജിഷ്ണു രാഘവന്റെയും പേരുകള്‍ എഴുതി ചേര്‍ക്കപ്പെടുമ്പോള്‍, മലയാളികള്‍ക്കുണ്ടായ ദുഃഖത്തില്‍ നവയുഗം സാംസ്കാരികവേദിയും പങ്കു ചേരുന്നു.

മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഒട്ടേറെ പാരഡി കഥാപ്രസംഗങ്ങളിലൂടെയും, സിനിമയിലെ ഹാസ്യകഥാപാത്രങ്ങളിലൂടെയും വി.ഡി. രാജപ്പന്‍ ഇനിയും നമ്മുടെ ഓര്‍മകളില്‍ ജീവിക്കും.

'നമ്മള്‍' എന്ന ഹിറ്റ് ചിത്രത്തിലെ നായകവേഷത്തിലൂടെ വന്നു നമ്മിലൊരാളായി മാറിയ യുവനടന്‍ ജിഷ്ണു രാഘവന്‍, അര്‍ബുദം വേട്ടയാടുമ്പോഴും, ജീവിതത്തോടുള്ള അടങ്ങാത്ത ആഗ്രഹം പോരാട്ടവീര്യമാക്കി, സുഖമായി തിരിച്ചു വരുമെന്നാണു മലയാളികള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അകാലത്തിലുള്ള ആ വേര്‍പാട് നമ്മെ തേടി എത്തിയിരിയ്ക്കുന്നു.

ഇരുവരുടെ ഓര്‍മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും, കുടുംബങ്ങളുടെ അഗാധമായ ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നതായി നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി പത്രകുറിപ്പിലൂടെ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം