രൂപതാധ്യക്ഷന്റെ മുഖ്യകാര്‍മികത്വത്തില്‍ ദുഃഖവെള്ളി ആചരിച്ചു
Monday, March 28, 2016 5:12 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍, ഭക്തിസാന്ദ്രമായി ദുഃഖവെള്ളി ആചരിച്ചു. മാര്‍ച്ച് 25-നു വെള്ളിയാഴ്ച രാവിലെ പത്തിനു സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തിലും, വികാരി ജനറാള്‍ മോണ്‍. ഫാ. തോമസ് മുളവനാല്‍, വികാരി ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി ഫാ. ജോസ് ചിറപ്പുറം എന്നിവരുടെ സഹകാര്‍മികത്വത്തിലൂമാണു തിരുക്കര്‍മങ്ങള്‍ നടന്നത്.

തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍, സ്വയം സമര്‍പ്പണത്തിലൂടെ അനേര്‍കര്‍ക്ക് മോചന ദ്രവ്യമായിത്തീര്‍ന്ന മിശിഹായുടെ ആത്മദാനമാണു ദുഃഖവെള്ളി നമ്മുടെ സ്മരണയില്‍ കൊണ്ടുവരുന്നതെന്നും, ദൈവത്തിന്റെ കരുണ മനുഷ്യരൂപം ധരിച്ചത് സകല മനുഷ്യര്‍ക്കുമുള്ള പാപപരിഹാരത്തിന്റേയും, നിത്യജീവന്റേയും, യാഥാര്‍ഥ്യവുമായി മാറിയതും, സത്യത്തിനും നീതിക്കും വേണ്ടി നിലനിന്നവരെല്ലാം ക്രിസ്തുവിന്റെ കുരിശുനോടു താദാത്മ്യപ്പെട്ടിട്ടുണ്െടന്നും, ദുഃഖവെള്ളിയുടെ പീഠാനുഭവചിന്തകള്‍ നമ്മുടെ ഓരോരുത്തരുടേയും ആത്മീയതയില്‍ വീണ്ടുവിചാരങ്ങള്‍ക്കും മാനസാന്തരത്തിനും കാരണമാകണമെന്നും മുളവനാലച്ചന്‍ ഓര്‍മ്മപ്പെടുത്തി.

പീഡാനുഭവസ്മരണയ്ക്കായി വിശ്വാസികള്‍ കയ്പുനീര്‍ കുടിക്കുകയും, കുരിശിന്റെ വഴി, പീഡാനുഭവ അനുസ്മരണം, ദിവ്യകാരുണ്യ സ്വീകരണം, നഗരികാണിക്കല്‍, തിരുസ്വരൂപചുംബനം എന്നീ ശുശ്രൂഷകളും നടന്നു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി