അടിച്ചുപൂസായ പൈലറ്റ് അറസ്റില്‍; വിമാനം റദ്ദാക്കി
Monday, March 28, 2016 3:36 AM IST
ഡിട്രോയിറ്റ്: വഴിനീളെ പോലീസിന്റെ ഊതിക്കലില്‍ മദ്യപന്മാരായ ഡ്രൈവര്‍മാര്‍ പലരും പിടിക്കപ്പെടാറുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു ഊതലില്‍ യാത്രാവിമാനത്തിന്റെ പൈലറ്റാണു പിടിക്കപ്പെടുന്നതെങ്കിലോ. ശനിയാഴ്ച അമേരിക്കയിലെ ഡിട്രോയിറ്റ് മെട്രോപോളിറ്റന്‍ വിമാനത്താവളത്തിലായിരുന്നു സംഭവം.

അടിച്ചു പൂസായ പൈലറ്റ്, വിമാനം പുറപ്പെടുന്നതിനു മിനിറ്റുകള്‍ക്കു മുമ്പാണു പിടിയിലായത്. ഒരു സുരക്ഷാ ജീവനക്കാരനു സംശയം തോന്നിയതാണു പൈലറ്റ് പിടിക്കപ്പെടാന്‍ ഇടയാക്കിയത്. പൈലറ്റിന്റെ നടപ്പ് 'നല്ലനടപ്പല്ലെന്ന്' സുരക്ഷാ ജീവനക്കാരനു തോന്നലുണ്ടായതാണ് നൂറുകണക്കിനു യാത്രക്കാരുടെ ജീവന്‍ രക്ഷപെടാന്‍ ഇടയാക്കിയത്. ജീവനക്കാരന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു പോലീസ് പൈലറ്റിനെ ബ്രീത്തലൈസറിലൂടെ ഊതിച്ചു. ഇതോടെ പൈലറ്റ് മദ്യപിച്ചതായി തെളിഞ്ഞു. പിന്നീട് ഇയാളെ രക്തപരിശോധനയ്ക്കും വിധേയനാക്കി. ഇതിലും ഇയാള്‍ പരാജയപ്പെട്ടു. നിയമപരമായ അളവിലും അധികം മദ്യം സേവിച്ചതായി രക്തപരിശോധനയില്‍ തെളിഞ്ഞു.

ഡിട്രോയിറ്റില്‍നിന്നു രാവിലെ ഏഴിനു ഫിലഡല്‍ഫിയയിലേക്കു പുറപ്പെടേണ്ട വിമാനമായിരുന്നു. പൈലറ്റിനെ അറസ്റ് ചെയ്തതോടെ വിമാനം റദ്ദാക്കി. പെന്‍സില്‍വാനിയ സ്വദേശിയായ പൈലറ്റാണ് അറസ്റിലായത്. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.