ഗാര്‍ലന്‍ഡ് സെന്റ് തോമസ് ഫൊറോനയും ഇനി കാരുണ്യത്തിന്റെ തീര്‍ഥാടനകേന്ദ്രം
Sunday, March 27, 2016 6:22 AM IST
ഡാളസ്: ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയവും ഇനി കാരുണ്യത്തിന്റെ തീര്‍ഥാടനകേന്ദ്രം. ഈസ്റര്‍ ഉയിര്‍പ്പ് തിരുനാളില്‍ നടന്ന തിരുക്കര്‍മങ്ങളില്‍, ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ദേവാലയത്തിന്റെ പ്രധാന വാതില്‍ വിശുദ്ധ കവാടമായി തുറന്നു കരുണയുടെ വര്‍ഷത്തിന് ഔപചാരിക തുടക്കം കുറിച്ചു, പതാക സ്ഥാപിച്ചു. കരുണയുടെ ഗാനങ്ങളാലപിച്ചു ദൈവജനം ഒന്നുചേര്‍ന്ന് പ്രധാനകവാടത്തിലൂടെ ദേവാലയത്തില്‍ പ്രവേശിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പ സാര്‍വത്രിക സഭയില്‍ പ്രഖ്യാപിച്ചിരിക്കുന്ന കരുണയുടെ വര്‍ഷത്തിന്റെ ഭാഗമായായി അമേരിക്കയിലെ സീറോ മലബാര്‍ രൂപതയിലെ തീര്‍ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരിക്കുന്ന ഒന്‍പത് ദേവാലയങ്ങളിലൊന്നാണു ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയം. വിശ്വാസികള്‍ക്കു സീറോ മലബാര്‍ രൂപതയിലെ ഈ ഒന്‍പതു കേന്ദ്രങ്ങളില്‍ ഏതെങ്കിലും ഒരു ദേവാലയത്തിന്റെ പ്രധാന വാതിലില്‍ക്കൂടി പ്രവേശിച്ച് ദൈവാനുഗ്രഹം പ്രാപിക്കാന്‍ അവസരമുണ്ട് .

തുടര്‍ന്ന് നടന്ന ഈസ്റര്‍ വിജില്‍ ശുശ്രൂഷകളില്‍ മാര്‍ ജോയ് ആലപ്പാട്ട് പ്രധാന കാര്‍മ്മികനും, ഫൊറോന വികാരി ഫാ. ജോഷി എളമ്പശേരില്‍, ഒക്ളഹോമ ഇടവക വികാരി ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരുമായിരുന്നു. മാര്‍ ആലപ്പാട്ട് വിശ്വാസികള്‍ക്ക് ഉയിര്‍പ്പുദിന മംഗളങ്ങള്‍ നേര്‍ന്നു, ഉയിര്‍പ്പുതിരുനാള്‍ സന്ദേശം പങ്കുവെച്ചു. വിരുന്നുകളോടെ ആഘോഷങ്ങള്‍ക്ക് സമാപ്തിയായി. ഫൊറോനയിലെ മറ്റ് ഇടവകകളില്‍നിന്നും വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍