ദുബായി കെഎംസിസി 'ജോബ് ഫെസ്റ് 2016' ഏപ്രില്‍ ഒന്നിന്
Saturday, March 26, 2016 8:54 AM IST
ദുബായി: തൊഴിലന്വേഷകര്‍ക്ക് സുവര്‍ണാവസരമൊരുക്കി ദുബായി കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ 'ജോബ് ഫെസ്റ്' ഏപ്രില്‍ ഒന്നിനു (വെള്ളി) ഉച്ചകഴിഞ്ഞു 2.30 മുതല്‍ രാത്രി ഒമ്പതു വരെ ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ നടക്കുമെന്ന് പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി. ഇസ്മായില്‍ എന്നിവര്‍ അറിയിച്ചു.

സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ദുബായി കെഎംസിസിയുടെ മാതൃകാപരമായ പുതിയൊരു കാല്‍വയ്പാണ് ഈ ജോബ് ഫെസ്റ് എന്ന് നേതാക്കള്‍ പറഞ്ഞു.

യുഎഇയിലെ തൊഴില്‍ രംഗത്തെ സാധ്യതകള്‍ മനസിലാക്കി തൊഴിലന്വേഷകരെയും തൊഴില്‍ ദാതാക്കളെയും ബന്ധിപ്പിക്കുന്ന ഒരു വേദിയൊരുക്കുകയാണ് ദുബായി കെഎംസിസി ചെയ്യുന്നത്. തൊഴിലന്വേഷകര്‍ക്കുവേണ്ടി ദുബായി കെഎംസിസിയുടെ 'മൈ ജോബ്' വിഭാഗം വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഇന്റര്‍വ്യൂ സ്കില്‍ വര്‍ധിപ്പിക്കല്‍, ബയോഡാറ്റ തയാറാക്കല്‍, തൊഴില്‍ സാധ്യതകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് എല്ലാ തിങ്കളാഴ്ചകളിലും ഈ സബ്കമ്മിറ്റി വഴി കെഎംസിസി ആസ്ഥാനത്ത് നടന്നുവരുന്നത്. ഇതിനകം നിരവധി പേര്‍ക്ക് ഇത്തരം പരിശീലനം നല്‍കുകയും ജോലി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന 'ജോബ് ഫെസ്റ് 2016' ല്‍ യുഎ.ഇയിലെ 25ല്‍പരം പ്രമുഖ കമ്പനികളുടെ സഹകരണത്തോടെ 700ല്‍പരം തസ്തികകളിലേക്കാണ് അവസരം ലഭ്യമാക്കുന്നത്.

മുന്‍കൂട്ടി രജിസ്റര്‍ ചെയ്ത് പ്രവേശന പാസ് കൈപ്പറ്റിയ ആയിരത്തിഒന്ന് പേര്‍ക്ക് മാത്രമായിരിക്കും ഇന്റര്‍വ്യൂവിന് അവസരം ലഭിക്കുക.

പത്രസമ്മേളനത്തില്‍ എ.സി. ഇസ്മായില്‍ (ട്രഷറര്‍, ദുബായി കെഎംസിസി), പി. അഹ്മദ് സിയാദ് (കണ്‍വീനര്‍, മൈ ജോബ് വിംഗ്), ഒ.കെ. ഇബ്രാഹിം (വൈസ് പ്രസിഡന്റ്, ദുബായി കെഎംസിസി), ഇസ്മായില്‍ ഏറാമല (സെക്രട്ടറി, ദുബായി കെഎംസിസി), അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്ര (സെക്രട്ടറി, ദുബായി കെഎംസിസി), അശ്റഫ് കൊടുങ്ങല്ലൂര്‍ (സെക്രട്ടറി, ദുബായി കെഎംസിസി), ഇസ്മായില്‍ അരൂക്കുറ്റി (സെക്രട്ടറി, ദുബായി കെഎംസിസി) എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍