സൌദിയില്‍ ചില്ലറ വില്പന മേഖലയിലേയ്ക്കും സ്വദേശിവത്കരണം
Saturday, March 26, 2016 8:45 AM IST
ദമാം: സൌദിയില്‍ വിദേശികള്‍ ഏറ്റവും കൂടുതല്‍ ബിനാമി ബിസിനസ് നടക്കുന്നത് ചില്ലറ വില്പന മേഖലയിലാണ്. അതുകൊണ്ടുതന്നെ ഈമേഖലയില്‍ പൂര്‍ണമായും അഞ്ചു വര്‍ഷത്തിനകം സ്വദേശിവത്കരണ പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശമുണ്െടന്നു സൌദി വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ബിനാമി ബിസിനസ് വിരുദ്ധ വകുപ്പു മേധാവി ഉമര്‍ അല്‍ സുഹൈബാനി പറഞ്ഞു.

കഴിഞ്ഞ 50 വര്‍ഷമായി സൌദിയില്‍ ബിനാമി ബിസിനസു നടന്നു വരുന്നു. നേരത്തെ ഇതു കാര്യമായി ഗൌനിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ബിനാമി ബിസിനസ് സൌദിയുടെ സാമ്പത്തിക മേഖലയ്ക്ക് കടുത്ത പ്രത്യാഘാതങ്ങളാണുണ്ടാക്കുന്നത്.

ഇപ്പോള്‍ സൌദിയില്‍ ഒമ്പത് ലക്ഷത്തില്‍ അധികം ചില്ലറ വില്‍പന സ്ഥാപനങ്ങളുണ്ട്. ഇവയില്‍ പലതിലും ബിനാമി ബിസിനസ് നടക്കുന്നുണ്ട്.

ബിനാമി ബിസിനസ് അവസാനിപ്പിക്കാന്‍ സൌദി വണിജ്യ വ്യവസായ മന്ത്രാലയവും ബിനാമി ബിസിനസ് വിരുദ്ധ വകുപ്പും സര്‍ക്കാരിന്റെ മറ്റു വകുപ്പുകളും പലവിധ പദ്ധതികളും ആസുത്രണം ചെയ്തിട്ടുണ്െടന്നു ഉമര്‍ അല്‍ സുഹൈബാനി പറഞ്ഞു.

വിദേശിക്കു അനുമതിയില്ലാതെ രാജ്യത്ത് വാണിജ്യ സംരഭങ്ങള്‍ ആരംഭിക്കാനോ നിക്ഷേപം നടത്താനോ പാടില്ലന്നാണ് സൌദി മന്ത്രിസഭ പാസാക്കിയ നിയമത്തിലുള്ളത്. നിക്ഷേപം നടത്തുന്നത് നിക്ഷേപക അതോറിറ്റി വഴിയായിരിക്കണം. ഇതിനു വിരുദ്ധമായി നിക്ഷേപം നടത്തുന്നതും വാണിജ്യ വ്യവസായ സംരഭങ്ങള്‍ നടത്തുന്നതും ബിനാമി ബിസിനസില്‍ പെടും. ഇതു ശിക്ഷാര്‍ഹമാണെന്നും ബിനാമി ബിസിനസ് വിരുദ്ധ വകുപ്പു മേധാവി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം