ഗള്‍ഫ് രാജ്യങ്ങളിലെ ട്രാഫിക് നിയമ ലംഘനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതി അന്തിമ ഘട്ടത്തില്‍
Saturday, March 26, 2016 8:43 AM IST
ദമാം: ഗള്‍ഫ് രാജ്യങ്ങളിലുള്ള സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും സംഭവിക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങളുടെ വിവരങ്ങള്‍ കംപ്യൂട്ടര്‍ ശൃംഖല വഴി മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതി അന്തിമ ഘട്ടത്തിലെത്തി.

ഈ വര്‍ഷവാസാനത്തോടെ പദ്ധതിയുടെ 95 ശതമാനവും പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. യുഎഇ, ബഹറിന്‍ ട്രാഫിക് വിഭാഗങ്ങളെ പരസ്പരം കംപ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കുന്ന നടപടി ഇതിനോടകം പൂര്‍ത്തീകരിച്ചു. ബഹറിനേയും സൌദിയേയും ബന്ധിപ്പിക്കുന്ന പദ്ധതിയും പൂര്‍ത്തിയായി.

കുവൈത്തിന്റെയും സൌദിയുടെയും ട്രാഫിക് വകുപ്പുകളേ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഗള്‍ഫ് രാജ്യങ്ങളിലെ ട്രാഫിക് നിയമ ലംഘനങ്ങളുടെ വിവരങ്ങള്‍ കംപ്യൂട്ടര്‍ ശൃംഖല വഴി പരസ്പരം ബന്ധിപ്പിക്കുന്ന പദ്ദതിക്കു മൂന്നു വര്‍ഷം മുമ്പാണ് തുടക്കം കുറിച്ചത്.

ഇതു പ്രാബല്യത്തില്‍ വന്നാല്‍ ജിസിസിയിലുള്ള ഏതെങ്കിലും ഒരു രാജ്യത്തു നടക്കുന്ന ട്രാഫിക് നിയമ ലംഘനത്തിനുള്ള ശിക്ഷാ നടപടികള്‍ ജിസിസിയില്‍ ഉള്‍പ്പെട്ട മറ്റു രാജ്യത്തുവച്ചും കൈക്കൊള്ളാന്‍ കഴിയും. നിയമ ലംഘനങ്ങള്‍ക്കു അതതു രാജ്യങ്ങള്‍ സ്വീകരിക്കുന്ന ശിക്ഷാ നടപടികള്‍ കംപ്യൂട്ടര്‍ ശൃംഖലയില്‍ രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ കംപ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിച്ചിട്ടുള്ള മറ്റു രാജ്യങ്ങളിലെ ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കും സ്വീകരിക്കാവുന്നതാണ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം