സാന്റാ അന്നയില്‍ ഓശാന തിരുനാള്‍ ആചരിച്ചു
Thursday, March 24, 2016 12:09 AM IST
ലോസ്ആഞ്ചലസ്: മനുഷ്യനന്മയ്ക്കായി കുരിശിലേറിയ യേശുക്രിസ്തുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശത്തെ അനുസ്മരിപ്പിക്കുന്ന ഓശാന പെരുന്നാള്‍ സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയില്‍ ആഘോഷിച്ചു.

20-നു രാവിലെ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച തിരുക്കര്‍മങ്ങള്‍ക്ക് റവ.ഡോ. ജേക്കബ് കട്ടയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ജയിംസ് നിരപ്പേല്‍ സഹകാര്‍മികനായിരുന്നു.

പള്ളിയങ്കണത്തിലുള്ള മരിയന്‍ ഗ്രോട്ടോയില്‍ പരമ്പരാഗത രീതിയില്‍ കുരുത്തോല വെഞ്ചരിച്ച് വിശ്വാസികള്‍ക്കു നല്‍കി. തുടര്‍ന്നു കുരുത്തോലകള്‍ കൈകളിലേന്തി ഭക്ത്യാദരവുകളോടെ ദാവീദിന്‍ പുത്രനു ഓശാന പാടി പ്രദക്ഷിണമായി ദേവാലയത്തിലേക്ക് പ്രവേശിച്ചു.

തുടര്‍ന്നു ഫാ. ജേക്കബ് കട്ടയ്ക്കല്‍ വചനസന്ദേശം നല്‍കി. തിരുകര്‍മങ്ങള്‍ക്കുശേഷം കൊഴുക്കൊട്ട നേര്‍ച്ചയും സ്നേഹവിരുന്നും നടന്നു. തുടര്‍ന്നു പള്ളിയങ്കണത്തിലൂടെ ഇടവകാംഗങ്ങള്‍ ഒന്നുചേര്‍ന്ന് കുരിശിന്റെവഴിയും നടത്തി.

സാന്റാ അന്ന പള്ളിയിലെ വിശുദ്ധവാര തിരുകര്‍മങ്ങള്‍

പെസഹാ വ്യാഴം വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, പെസഹാ അപ്പം മുറിക്കല്‍, ആരാധന, പുത്തന്‍പാന പാരായണം എന്നിവ നടക്കും.

ദുഃഖവെള്ളി വൈകുന്നേരം ഏഴിനു ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴിയും തുടര്‍ന്നു പീഢാനുഭവ ചരിത്രവായനയും രൂപംമുത്തലും നടക്കും. ഫാ. മനോജ് പുത്തന്‍പുരയ്ക്കല്‍ വചനസന്ദേശം നല്‍കും.

ദുഃഖശനി രാവിലെ എട്ടിനു വിശുദ്ധ കുര്‍ബാന, പുത്തന്‍വെള്ളം പുത്തന്‍ തിരി വെഞ്ചരിക്കല്‍ എന്നിവ നടക്കും. വൈകുന്നേരം ഏഴിനു ഉയിര്‍പ്പു തിരുനാള്‍ കര്‍മങ്ങളും തുടര്‍ന്നു ആഘോഷമായ ദിവ്യബലി, പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

ഞായറാഴ്ച രാവിലെ എട്ടിനു വിശുദ്ധ കുര്‍ബാന.

വികാരി ഫാ. ജയിംസ് നിരപ്പേലിനോടൊപ്പം ട്രസ്റിമാരായ ബൈജു വിതയത്തില്‍, ബിജു ആലുംമൂട്ടില്‍, സാക്രിസ്റി ജോവി തുണ്ടിയില്‍ എന്നിവര്‍ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം