നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സൌദിയിലേക്ക്
Wednesday, March 23, 2016 7:13 AM IST
ദമാം: സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ച് രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ രണ്ടിനു സൌദിയില്‍ എത്തും.

സല്‍മാന്‍ രാജാവുമായി റിയാദില്‍ കൂടിക്കാഴ്ച നടത്തുന്ന മോദി, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

സാമ്പത്തിക, സുരക്ഷാ, പ്രതിരോധ മേഖലകളില്‍ ശക്തമായ ബന്ധമാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്നത്. ഉഭയകക്ഷി വ്യാപാരബന്ധത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ പങ്കാളിത്ത രാജ്യമാണു സൌദി അറേബ്യ.

കൂടാതെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ആകെ ക്രൂഡ് ഓയിലിന്റെ അഞ്ചിലൊന്ന് വിതരണം ചെയ്യുന്നതും സൌദി ആണ്.

ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ സൌദിയിലേക്കുള്ള പ്രധാന മന്ത്രിയുടെ വരവിനെ പ്രവാസിസമൂഹം ഏറെ പ്രതീക്ഷയോടെയാണു കാണുന്നത്.

ഏകദേശം മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാരാണു സൌദിയില്‍ ഉള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൌഹൃദം കൂടുതല്‍ ഊഷ്മളമാകാനും പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനു കരുത്തു പകരാനും നരേന്ദ്ര മോദിയുടെ സൌദി സന്ദര്‍ശനം ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം