മെഡിക്കല്‍ ടെസ്റ് പാസാകാത്ത വീട്ടുജോലിക്കാരി തര്‍ഹീല്‍ വഴി നാട്ടിലേയ്ക്ക് മടങ്ങി
Wednesday, March 23, 2016 5:16 AM IST
ദമാം: ജോലിയ്ക്കുള്ള മെഡിക്കല്‍ ടെസ്റില്‍ പരാജയപ്പെട്ട വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകരുടെയും, ഹൈദരാബാദ് അസോസിയേഷന്റേയും സഹായത്തോടെ വനിതാ തര്‍ഹീല്‍ വഴി നാട്ടിലേയ്ക്ക് മടങ്ങി.

ഹൈദരാബാദ് സ്വദേശിനിയായ റെഹമത്ത് ബീഗം രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണു ദമാമിലെ ഒരു സൌദി പൌരന്റെ വീട്ടില്‍ ജോലിയ്ക്കായി എത്തിയത്. ഹൈദരാബാദിലെ ഒരു ഏജന്‍സിയാണ് റെഹമത്ത് ബീഗത്തിന് ഹൌസ്മൈഡ് വിസ നല്‍കിയത്. നാട്ടില്‍ നടന്ന മെഡിക്കല്‍ പരിശോധനയില്‍ ക്ഷയരോഗം ഉണ്െടന്നു കണ്െടങ്കിലും, 'അതൊന്നും സാരമില്ല' എന്ന് എജന്റ് നല്‍കിയ ഉറപ്പിന്റെ പുറത്ത്, കാശു കൊടുത്ത് മെഡിക്കല്‍ പാസ്സാക്കിയാണ് റെഹമത്ത് ബീഗത്തെ സൌെദിയില്‍ എത്തിച്ചത്. സര്‍വ്വീസ് ചാര്‍ജായി നല്ലൊരു തുക എജന്റ് പോക്കറ്റിലാക്കുകയും ചെയ്തു.

എന്നാല്‍ സൌദിയില്‍ ഇക്കാമ എടുക്കാനുള്ള മെഡിക്കല്‍ ടെസ്റില്‍ ക്ഷയരോഗം കണ്െടത്തുകയും, മെഡിക്കല്‍ ടെസ്റില്‍ പരാജയപ്പെട്ട അവര്‍ ജോലിയ്ക്ക് അയോഗ്യയാവുകയുമായിരുന്നു. തുടര്‍ന്ന് സ്പോണ്‍സര്‍ അവരെ വനിതാ തര്‍ഹീലില്‍ കൊണ്ടു പോയി ഉപേക്ഷിച്ചു.

വനിതാ തര്‍ഹീലില്‍ ഒരു മാസത്തോളം കഴിയേണ്ടി വന്ന റെഹമത്ത് ബീഗം, അവിടെ മറ്റൊരു കേസിനായി എത്തിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകയും, ഇന്ത്യന്‍ എംബസ്സി വോളന്റീറുമായ മഞ്ജു മണിക്കുട്ടനോട് സ്വന്തം അവസ്ഥ പറഞ്ഞു. മഞ്ജു മണിക്കുട്ടന്‍ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ ഉണ്ണി പൂചെടിയല്‍, മണിക്കുട്ടന്‍ എന്നിവരോടൊത്ത് റെഹമത്ത് ബീഗത്തിന്റെ സ്പോണ്‍സറെ കണ്ടു സംസാരിച്ചു. വിമാനടിക്കറ്റ് റെഹമത്ത് ബീഗം തന്നെ എടുക്കുമെങ്കില്‍ എക്സിറ്റ് നല്‍കാമെന്ന് സ്പോണ്‍സര്‍ സമ്മതിച്ചു.

നവയുഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഹൈദരാബാദ് അസോസിയേഷന്‍ റെഹമത്ത് ബീഗത്തിനുള്ള വിമാന ടിക്കറ്റും, ക്ഷയരോഗചികിത്സയ്ക്കായി 1300 റിയാലും നല്‍കി.എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി റെഹമത്ത് ബീഗം നാട്ടിലേയ്ക്ക് മടങ്ങി.

നാട്ടില്‍ ഏജന്റുമാരുടെ ഇത്തരം തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാന്‍, പ്രവാസലോകത്ത് ജോലി തേടുന്നവര്‍ക്ക് ശരിയായ രീതിയില്‍ കൌണ്‍സലിങ് നല്‍കാനും, ഇത്തരം തട്ടിപ്പിനെതിരെ നല്ല മാദ്ധ്യമപ്രചാരണം നടത്താനും, സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് നവയുഗം സാംസ്കാരിക വേദി ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം