ലുലു ഫുഡ് ഫിയസ്റ്റ 2016 നാളെ ആരംഭിക്കും
Wednesday, March 23, 2016 5:16 AM IST
റിയാദ്: ഉപഭോക്താക്കള്‍ കാത്തിരുന്ന ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഭക്ഷ്യമേളയായ ഫുഡ് ഫിയസ്റ്റ 2016 മാര്‍ച്ച് 24-നു വ്യാഴാഴ്ച ആരംഭിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഏപ്രില്‍ അഞ്ചു വരെ നീണ്ടു നില്‍ക്കുന്ന ഭക്ഷ്യമേള സൌദി അറേബ്യയിലെ ആറു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലുമുണ്ടായിരിക്കും. വ്യാഴാഴ്ച രാവിലെ പതിനൊന്നിനു പ്രമുഖ സൌദി നടന്‍ മര്‍സൂഖ് അല്‍ഖാംദി മുറബ്ബ റിയാദ് അവന്യൂവിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഫുഡ് ഫിയസ്റ്റ 2016 ന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വൈവിധ്യമാര്‍ന്ന ഭക്ഷ്യസംസ്കാരങ്ങള്‍ സൌദി അറേബ്യയിലെ ഉപഭോക്താക്കള്‍ രുചിച്ചറിയാനും ആസ്വദിക്കാനുമുള്ള സുവര്‍ണാവസരമാണ് ഫുഡ് ഫിയസ്റ്റയിലൂടെ ലുലു ഒരുക്കിയിരിക്കുന്നത്. വിവിധ രാജ്യക്കാരായ വിദഗ്ദ പാചകക്കാരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങള്‍ മേളയുടെ ആദ്യാവസാനം ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്കായി വിളമ്പുമെന്ന് മാനേജ്മെന്റ് പറഞ്ഞു.

പതിനാല് ദിവസം നീണ്ടു നില്‍ക്കുന്ന ഭക്ഷ്യമേളയില്‍ ആകര്‍ഷകമായ മറ്റ് നിരവധി പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തത്സമയ പാചകം, വിവിധ ഭക്ഷണങ്ങള്‍ സൌജന്യമായി രുചിച്ചറിയാനുള്ള അവസരം, പ്രശ്നോത്തരി മത്സരം, ഭക്ഷ്യ പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും.

വാര്‍ഷിക ഭക്ഷ്യമേളയോടനുബന്ധിച്ച് മിഡീല്‍ ഈസ്റ്റ്, യൂറോപ്പ്, ചൈനീസ്, തായലന്റ്, ഫിലിപ്പൈന്‍സ്, ഈജിപ്ത്, സിറിയ, ലബനോണ്‍, ശ്രീലങ്ക, ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രത്യേക ഭക്ഷണ കൌണ്ടറുകളും സജ്ജമായിരിക്കും. ഇന്ത്യയിലെ തെക്കും വടക്കുമുള്ള ഭക്ഷ്യവൈവിധ്യങ്ങള്‍ അടുത്തറിയാന്‍ മേളയില്‍ അവസരമുണ്ടാകും.

അതോടൊപ്പം വിവിധ കമ്പനികളുടെ സഹകരണത്തോടെ ഒരു ലക്ഷം റിയാലിന് മുകളില്‍ വിലയുള്ള സമ്മാനങ്ങള്‍ നല്‍കുന്ന റാഫിള്‍ ഡ്രോ, ഗിഫ്റ്റ് വൌച്ചറുകള്‍ എന്നിവയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുക്കിയിട്ടുണ്ട്. ലുലുവിന്റെ ഹാഫ് പേ ബാക്ക് പ്രൊമോഷനും പ്രത്യേക സ്കൂള്‍ പ്രമോഷനും ഇതോടൊപ്പം വിജയകരമായി നടക്കുന്നുണ്ട്. ഈ പ്രൊമോഷനുകള്‍ ഏപ്രില്‍ 16 വരെ നീണ്ടു നില്‍ക്കും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍