ബെല്‍വുഡ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഹോശാന ഞായറാഴ്ച ആചരിച്ചു
Wednesday, March 23, 2016 5:14 AM IST
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ മാര്‍ച്ച് 20-നു ഞായറാഴ്ച ഹോശാന ആചരിച്ചു. കഴുതപ്പുറത്തു കയറി ജെറുസലേമിലേക്ക് പ്രവേശിച്ച ദൈവപുത്രനെ മരച്ചില്ലകളും, വഴിയില്‍ വസ്ത്രങ്ങള്‍ വിരിച്ചും, ഗാനങ്ങള്‍ പാടിയും, കുട്ടികളുടെ സംഘം ദേവാലയത്തില്‍ എതിരേറ്റു. കുരുത്തോലകള്‍ പിടിച്ചുകൊണ്ട് വിശ്വാസികള്‍ പ്രദക്ഷിണം നടത്തി.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. ഫാ. ദാനിയേല്‍ ജോര്‍ജ് സഹകാര്‍മികത്വം വഹിച്ചു.

ഞായറാഴ്ച വൈകിട്ട് സന്ധ്യാനമസ്കാരവും തുടര്‍ന്നു തുറമുഖത്തേയ്ക്ക് അടുക്കുക എന്നര്‍ത്ഥമുള്ള 'വാദെ ദല്‍മീനോ' ശുശ്രൂഷ നടത്തി. വിശ്വാസികള്‍ കത്തിച്ച മെഴുകുതിരികള്‍ പിടിച്ച് പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു. പടിഞ്ഞാറെ വാതില്‍ക്കല്‍ വെച്ച് ഏവന്‍ഗേലിയോന്‍ വായിക്കുകയും, തുടര്‍ന്ന് വാതില്‍ തുറന്നു അകത്തു കടന്ന് ഹൂത്തേമ്മോയോടുകൂടി ശുശ്രൂഷകള്‍ അവസാനിച്ചു. ശുശ്രൂഷയില്‍ അഭിവന്ദ്യ തിരുമേനി പ്രധാന കാര്‍മികത്വം വഹിച്ചു. വന്ദ്യ കുര്യന്‍ തോട്ടുപ്പുറം കോര്‍എപ്പിസ്കോപ്പ, ഫാ. ദാനിയേല്‍ ജോര്‍ജ്, ഫാ. എബി ചാക്കോ തുടങ്ങിയവര്‍ സഹാകാര്‍മികത്വം വഹിച്ചു. അനേകം വിശ്വാസികള്‍ ആരാധനയില്‍ പങ്കെടുത്തതായി സെക്രട്ടറി റീനാ വര്‍ക്കി അറിയിച്ചു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം