ഹര്‍മിത് ധില്ലന്‍ റിപ്പബ്ളിക്കന്‍ നാഷണല്‍ കമ്മിറ്റിയിലേക്ക്
Tuesday, March 22, 2016 6:18 AM IST
സാന്‍ഫ്രാന്‍സിസ്കോ: ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണിയും കലിഫോര്‍ണിയ റിപ്പബ്ളിക്കന്‍ പാര്‍ട്ടി വൈസ് ചെയറുമായ ഹര്‍മിത് ധില്ലന്‍ പാര്‍ട്ടിയുടെ നാഷണല്‍ കമ്മറ്റിയിലേക്ക് വനിതാ കമ്മിറ്റി മെംബറായി എതിരില്ലാതെ തെരഞ്ഞെടുക്കുമെന്നുറപ്പായി.

ഓരോ സംസ്ഥാനത്തുനിന്നു മൂന്നു പേരെയാണ് നാഷണല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുന്നത്. (സ്റേറ്റ് ചെയര്‍മാന്‍, വനിതകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നും ഓരോരുത്തര്‍) ഏപ്രില്‍ മൂന്നിനു സംസ്ഥാന പ്രതിനിധികളുടെ യോഗത്തില്‍ നിന്നാണ് മൂന്നു പേരെ തെരഞ്ഞെടുക്കുക. ഇതുവരെ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരുന്ന ലിന്റാ ഐക്കര്‍മാന്‍ മത്സരത്തിനില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഹര്‍മിത് ധില്ലന്‍ എതിരില്ലാതെ തെരഞ്ഞെടുക്കുമെന്നുറപ്പായി.

ഇന്ത്യന്‍-അമേരിക്കന്‍ വനിത ആദ്യമായാണ് കലിഫോര്‍ണിയ പാര്‍ട്ടി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സംസ്ഥാനത്തെ വളര്‍ച്ചയില്‍ ഹര്‍മിതിന്റെ സംഭവാന വിലപ്പെട്ടതാണ്.

സിഖ് ദമ്പതികളുടെ മകളായി ഇന്ത്യയില്‍ ജനിച്ച ഹര്‍മിത് നോര്‍ത്ത് കരോളിനായിലാണ് വളര്‍ന്നത്. സിഖ്, ബാര്‍ അസോസിയേഷന്‍ സ്ഥാപകാംഗമായ ഹര്‍മിത് വെര്‍ജീനിയ ലൊ സ്കൂളില്‍ നിന്നാണ് നിയമ പഠനം പൂര്‍ത്തീകരിച്ചത്. കമ്യൂണിറ്റി സേവനത്തിന്റെ അംഗീകാരമായി മൈനോരിറ്റി ബാര്‍ കൊയ്ലേഷന്‍ അവാര്‍ഡ് 2002 ല്‍ ഹര്‍മിതിനു ലഭിച്ചിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍