ദുബായി കെഎംസിസി പാഠപുസ്തക എക്സ്ചേഞ്ച് മേള
Tuesday, March 22, 2016 6:13 AM IST
ദുബായി: വിദ്യാഭ്യാസ പഠന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ടെക്സ്റ് ബുക്കുകളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരിസ്ഥിതി സൌഹൃദ സന്ദേശം പ്രചരിപ്പിക്കുന്നതിനുംവേണ്ടി ദുബായി കെഎംസിസി മൈ ഫ്യൂച്ചര്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൌജന്യ പാഠപുസ്തക കൈമാറ്റ മേള മാര്‍ച്ച് 25നു (വെള്ളി) നടക്കും.

ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ആറു വരെ ദുബായി കെഎംസിസി അല്‍ ബറാഹ ഗ്രൌണ്ടിലാണ് പരിപാടി. വിദ്യാര്‍ഥികള്‍ക്ക് അവര്‍ പഠിച്ചുകഴിഞ്ഞ പാഠപുസ്തകങ്ങളും ഗൈഡുകളും കൈമാറി ഉയര്‍ന്ന ക്ളാസുകളിലേക്കുള്ളവ കൈപ്പറ്റുന്നതിനുള്ള ഒരു അവസരമൊരുക്കലാണ് ഈ സൌജന്യ പാഠപുസ്തക കൈമാറ്റമേള ലക്ഷ്യമിടുന്നത്.

ദുബായി കെഎംസിസി വിമന്‍സ് വിംഗിന്റെ സജീവ പങ്കാളിത്തത്തോടെയാണ് ടെക്സ്റുബുക്കുകളുടെ ശേഖരണ-വിതരണം നടക്കുക. അധ്യയനം കഴിഞ്ഞ ഒന്നു മുതല്‍ പത്താം തരം വരെയുള്ള പാഠപുസ്തകങ്ങളും ഗൈഡുകളും (കേരള ആന്‍ഡ് സിബിഎസ്ഇ) പരമാവധി ശേഖരിച്ച് സൌജന്യ പാഠപുസ്തക കൈമാറ്റ മേളയിലെത്തിച്ച് തങ്ങളുടെ മക്കളോടൊപ്പം മറ്റുള്ളവര്‍ക്കുകൂടി ഉപകാരപ്രദമായ ഈ മേള പരമാവധി പ്രയോജനപ്പെടുത്തണമെന്നു മുഴുവന്‍ രക്ഷിതാക്കളോടും ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, മൈ ഫ്യൂച്ചര്‍ ചെയര്‍മാന്‍ അഡ്വ. സാജിദ് അബൂബക്കര്‍, ജനറല്‍ കണ്‍വീനര്‍ ഷെഹീര്‍ കൊല്ലം എന്നിവര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: 04 2727773.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍