'അഭിനവ സൂഫി സമ്മേളനക്കാര്‍ സൂഫിസത്തിന്റെ അന്തസത്ത അറിയാത്തവരെന്ന്'
Tuesday, March 22, 2016 6:10 AM IST
മനാമ: സൂഫിസമ്മേളനമെന്ന പേരില്‍ ചിലര്‍ ഇന്ത്യയില്‍ നടത്തിയ സമ്മേളനവും അതില്‍ അംഗീകരിച്ച പ്രമേയവും വിശ്വാസികള്‍ക്കു ബാധകമല്ലെന്നും ഇത്തരം സമ്മേളനക്കാര്‍ സൂഫിസത്തിന്റെ അന്തഃസത്ത എന്താണെന്ന് അറിയാത്തവരാണെന്നും സമസ്തയുടെ പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ ഹാഫിള്‍ അഹ്മദ് കബീര്‍ ബാഖവി.

സമസ്ത ബഹറിന്‍ ഗുദൈബിയ ഘടകം 'ഇസ്ലാം സത്യത്തിന്റെ മതം' എന്ന പ്രമേയത്തില്‍ ബഹറിന്‍ കേരളീയ സമാജത്തില്‍ നടത്തി വരുന്ന ചതുര്‍ ദിന മത പ്രഭാഷണ പരമ്പരയില്‍ മുഖ്യപ്രഭാഷകനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ ഇസ്ലാമിന്റെ ശരീഅത്ത് നിയമങ്ങള്‍ പോലും കാറ്റില്‍ പറത്തി ആത്മീയ കോലങ്ങള്‍ കെട്ടിയാടുകയും കൊട്ടിഘോഷിച്ചു നടക്കുന്നവരുമല്ല യഥാര്‍ഥ സൂഫികള്‍. ശരീഅത്ത് നിയമങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതോടൊപ്പം ഐഹികമായ സുഖാഡംബരങ്ങള്‍ വര്‍ജിച്ച് ദൈവസാമീപ്യം മാത്രം ലക്ഷ്യം വച്ചാണ് യഥാര്‍ഥ സൂഫികള്‍ ജീവിക്കുന്നത്. തസ്കിയത്ത്(ആത്മ സംസ്കരണം) ആണവരുടെ മുഖമുദ്രയെന്നും ബാഖവി വിശദീകരിച്ചു.

സ്വന്തം മത ചിഹ്നങ്ങള്‍ കര്‍ശനമായി പിന്തുടരുമ്പോഴും ഇതര മത ചിഹ്നങ്ങളെ മാനിക്കണമെന്നും അവരെ ആക്ഷേപിക്കരുതെന്നും നിന്ദിക്കരുതെന്നും പഠിപ്പിച്ച ഹസ്റത്ത് നിസാമുദ്ദീന്‍ ഔലിയയെ പോലുള്ള പൂര്‍വികരുടെ പിന്‍ഗാമികളാകാന്‍ ഇത്തരക്കാര്‍ക്ക് അര്‍ഹതയില്ലെന്നും മഹാനായ ഖാതമുല്‍ അസ്വമ്മിനെ പോലുള്ള സൂക്ഷമതയുള്ള യഥാര്‍ഥ സൂഫിവര്യന്മാരുടെ ചരിത്രം ഇവര്‍ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറ്റകൃത്യങ്ങള്‍ കൊടികുത്തിവാഴുന്ന അഭിനവയുഗത്തില്‍ തൊലിപ്പുറത്തുള്ള ചികിത്സയല്ല, ഹൃദയാന്തരങ്ങളിലാണു പരിവര്‍ത്തനങ്ങള്‍ നടക്കേണ്ടതെന്നും അതിനായി ദൈവസ്മരണയുണ്ടാക്കുന്ന ദിക്റുകള്‍ പതിവാക്കണമെന്നും അതു കൊണ്ട് മാത്രമേ ഹൃദയങ്ങള്‍ക്ക് പ്രകാശം ലഭിക്കുവെന്നും അഹ്മദ് കബീര്‍ ബാഖവി വിശദീകരിച്ചു.