കെണിയിലകപ്പെട്ട യുവാവിന്റെ രക്ഷയ്ക്ക് ജെഎഫ്എക്കാരോടൊപ്പം മലയാളി നേതാക്കളും
Tuesday, March 22, 2016 5:36 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സിയില്‍ ചാറ്റിംഗിലൂടെ കെണിയിലകപ്പെട്ട് ജയിലില്‍ വിധിയുംകാത്ത് ഏറെക്കുറെ രണ്ടു വര്‍ഷത്തോളമായി കഴിഞ്ഞുകൂടുന്ന മലയാളി യുവാവിനെ രക്ഷിക്കാന്‍ ജെ.എഫ്എക്കാരോടൊപ്പം മലയാളി നേതാക്കളും രംഗത്തെത്തി.

ടാറ്റാ കണ്‍സള്‍ട്ടന്‍സി (ടിസിഎസ്) എന്ന കമ്പനി ഇന്ത്യയില്‍നിന്ന് എച്ച് 1 ബി വിസയില്‍ കൊണ്ടുവന്ന് ന്യൂജേഴ്സിയില്‍ എത്തിയതാണ് യുവാവ്.

ജെഎഫ്എ പ്രവര്‍ത്തകരുടെ നിരന്തര പരിശ്രമഫലമായി ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ തുടങ്ങിയ സ്റേറ്റുകളില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സാമൂഹ്യപ്രവര്‍ത്തകരേയും മനുഷ്യസ്നേഹികളേയും ഈ ചെറുപ്പക്കാരന്റെ മോചനത്തിനുവേണ്ടി സംഘടിപ്പിക്കുന്നതിനും മുമ്പോട്ടു കൊണ്ടുവരുന്നതിനും മുന്‍കൈ എടുത്തത്. ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൌണ്‍സില്‍, മഞ്ച്, കാഞ്ച് തുടങ്ങി നിരവധി സംഘടനാ നേതാക്കളും ഈ ചെറുപ്പക്കാരനെ ജയില്‍ മോചിതനാക്കാന്‍ മുന്നോട്ടു വന്നുകഴിഞ്ഞു.

മാര്‍ച്ച് 24-നു രാവിലെ ഒമ്പതിനു ന്യൂജേഴ്സിയിലെ പസ്സായിക് സുപ്പീരിയര്‍ കോര്‍ട്ടില്‍ റൂം നമ്പര്‍ എന്‍ 422-ല്‍ ജഡ്ജി സ്കോട്ട് ബന്നിയന്‍ എന്ന വിധികര്‍ത്താവിന്റെ മുന്നില്‍ ഈ ചെറുപ്പക്കാരനെ ഹാജരാക്കും. സാധിക്കുന്നിടത്തോളം മലയാളികള്‍ അന്നേദിവസം കോടതിയിലെത്തി അമേരിക്കയില്‍ ആരോരുമില്ലാത്ത ഈ ചെറുപ്പക്കാരനോടും, അയാളുടെ നാട്ടിലുള്ള വൃദ്ധ മാതാപിതാക്കളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നു ജസ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്എ) എന്ന സംഘടനയ്ക്കുവേണ്ടി അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ പുത്തന്‍ചിറ (732 319 6001), തോമസ് കൂവള്ളൂര്‍ (914 409 5772), അനിയന്‍ ജോര്‍ജ് (908 337 1289), ഷാജി വര്‍ഗീസ് (862 812 4371). വാര്‍ത്ത അറിയിക്കുന്നത്: തോമസ് കൂവള്ളൂര്‍ (ചെയര്‍മാന്‍, ജെ.എഫ്.എ).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം