ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ നൂറിന്റെ നിറവില്‍
Monday, March 21, 2016 7:10 AM IST
ഹൂസ്റണ്‍: ആഗോലതലത്തില്‍ സഭാവ്യത്യാസമെന്യേ പ്രാര്‍ഥനയ്ക്കും വചനകേഴ് വിക്കുമായി കൂടി വരുന്ന, ഹൂസ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടെലികോണ്‍ഫറന്‍സ് വേദിയായ ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ (ഐപിഎല്‍) മാര്‍ച്ച് 22നു (ചൊവ്വ) നൂറു പ്രാര്‍ഥനാദിനങ്ങള്‍ പിന്നിടുന്നു.

രാത്രി ഒമ്പതിന് (ന്യൂയോര്‍ക്ക് സമയം) നടത്തപ്പെടുന്ന നൂറാം സെഷനില്‍ സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ബിഷപ് റവ. ഡോ. തോമസ് ഏബ്രഹാം വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

അന്നേദിവസം രാത്രി എട്ടു മുതല്‍ ഒമ്പതു വരെ, ഐപിഎലില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈ പ്രത്യേക സുദിനത്തില്‍ വിവിധ ജീവകാരുണ്യ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുവാനും ഐപിഎല്‍ ഒരുങ്ങുകയാണ്. അനേക ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുവാന്‍ സ്വാധീനം ചെലുത്തുന്ന വേദപുസ്തകത്തിന്റെ 2500 പ്രതികള്‍ ഇന്ത്യയിലെ വിവിധ മിഷന്‍ഫീല്‍ഡുകളില്‍ വിതരണം ചെയ്യുവാനും പദ്ധതിയിടുന്നു. മാര്‍ത്തോമ സന്നദ്ധ സുവിശേഷകസംഘം പുറത്തിറക്കുന്ന സുപ്രസിദ്ധ സുവിശേഷകനായിരുന്ന സാധുകൊച്ചുകുഞ്ഞ് ഉപദേശിയുടെ പാട്ടുകളുടെ സിഡി സ്പോണ്‍സര്‍ ചെയ്യുന്നതും ഐപിഎല്ലാണ്.

22നു രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ(ന്യൂയോര്‍ക്ക്)സമയം ചെയിന്‍ പ്രയറും ക്രമീകരിച്ചിട്ടുണ്ട്.

പ്രാര്‍ഥനയില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ക്കു ലോകത്തിന്റെ ഏതുഭാഗത്തുനിന്നും 16055623140 എന്ന ഫോണ്‍ നമ്പരില്‍ ഡയല്‍ ചെയ്തതിനുശേഷം 656750 കോഡ് ഉപയോഗിച്ചാല്‍ മതി.

വിവരങ്ങള്‍ക്ക്: സി.വി. ശാമുവല്‍ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റണ്‍) 832 7712504.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി