ബഹറിനില്‍ കോട്ടയം റഷീദിനെ ആദരിച്ചു
Monday, March 21, 2016 7:08 AM IST
മനാമ: ബഹറിനില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ പ്രശസ്ത ടെലിവിഷന്‍, സിനിമാ താരം കോട്ടയം റഷീദിനെ ബഹറിന്‍ ലാല്‍ കെയെഴ്സ് ഭാരവാഹികള്‍ ആദരിച്ചു. ബഹറിന്‍ ലാല്‍ കെയെഴ്സിനുവേണ്ടി പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ മോമെന്റോയും മുരളീധരന്‍ പള്ളിയത്ത് പൊന്നാടയും അണിയിച്ചു.

ലാല്‍ കെയെഴ്സ് നല്‍കിയ സ്വീകരണത്തില്‍ വളരെ സന്തോഷം ഉണ്െടന്നും സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നതായും മറുപടി പ്രസംഗത്തില്‍ കോട്ടയം റഷീദ് പറഞ്ഞു.

17-ാമത്തെ വയസില്‍ അഭിനയിക്കാന്‍ തുടങ്ങിയ റഷീദ് നാടകലോകത്തുനിന്നും വിട്ട് എട്ടുവര്‍ഷം സൌദി അറേബ്യയില്‍ പ്രവാസിയായി ജീവിച്ചു. എന്നാല്‍ കലയോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം പ്രവാസം മതിയാക്കി നാട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. പിന്നീട് നിരവധി നാടകങ്ങളിലും സീരിയലുകളിലും ചലച്ചിത്രങ്ങളിലും വേഷമിട്ടു. സൂര്യ സോമ, വൈക്കം കലാകേളി, ആരാധന തുടങ്ങിയ നിരവധി നാടക ട്രൂപ്പുകളില്‍ റഷീദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സീരിയലുകളില്‍ കൂടുതലും പോലീസ് വേഷമാണ് ലഭിച്ചത്.

നൂറോളം സീരിയലുകളില്‍ വിവിധ വേഷങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തന്റെ അഭിനയ ജീവിതത്തിനു ഏറ്റവും കൂടുതല്‍ പിന്തുണച്ചത് തന്റെ കുടുംബം ആണെന്നും അദ്ദേഹം പറഞ്ഞു.

ബഹറിന്‍ ലാല്‍ കെയെഴ്സ് സെക്രട്ടറി എഫ്.എം. ഫൈസല്‍, എക്സിക്യൂട്ടീവ് അംഗം ജ്യോതിഷ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.