സൌദിയില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്കു പിഴ
Monday, March 21, 2016 7:04 AM IST
ദമാം: രാജ്യത്തെ പൊതുസ്ഥലങ്ങളില്‍ പുക വലിക്കുന്നവര്‍ക്കു മേയ് എട്ടു മുതല്‍ ശിക്ഷാ നപടികള്‍ നേരിടേണ്ടി വരും. ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, പൊതു മേഖലസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങള്‍, സംസ്കാരിക, വിനോദ കേന്ദ്രങ്ങള്‍, പള്ളികള്‍, എയര്‍പോര്‍ട്ടുകള്‍, പൊതുയാത്രാ വാഹനങ്ങള്‍, ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ പത്തൊന്‍പതു സ്ഥലങ്ങളിലാണു പുകവലി നിരോധന മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവിടങ്ങളില്‍ പുകവലിക്കുന്നവരെ പിടികൂടാന്‍ ഡ്യൂട്ടിയിലുള്ള സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അധികാരമുണ്ടായിരിക്കുമെന്നു പുകവലിവിരുദ്ധ അഥോറിറ്റി പ്രസിദ്ധീകരിച്ച കരടു നിയമത്തില്‍ പറയുന്നു.

അതേസമയം, പള്ളികള്‍, വിദ്യാഭ്യാസ, ആരോഗ്യ, സ്പോര്‍ട്സ് സ്ഥാപനങ്ങള്‍ ഒഴികെയുള്ള മറ്റു സ്ഥലങ്ങളില്‍ വ്യവസ്ഥകള്‍ക്കു വിധേയമായി സ്ഥാപനങ്ങളുടെ 200 മീറ്റര്‍ അകലെയായി പുകവലിക്കു പ്രത്യേക സ്ഥലങ്ങള്‍ നിര്‍ണയിക്കുന്നതിന് അനുമതിയുണ്ട്. എന്നാല്‍ അവിടങ്ങില്‍ 18 വയസില്‍ താഴെയുള്ളവര്‍ക്കു പ്രവേശനം നല്‍കാനോ അവര്‍ക്ക് സിഗരറ്റ് വില്‍ക്കാനോ പാടില്ല.

നിരോധിത സ്ഥലങ്ങളില്‍ പുക വലിക്കുന്നവര്‍ക്കെതിരേ 200 റിയാല്‍ പിഴ ഈടാക്കും. എന്നാല്‍ പുകവലി വിരുദ്ധ നിയമലംഘനം ആവര്‍ത്തിക്കുന്നതിന്റെ പേരിലുള്ള പരമാവധി പിഴ 20,000 റിയാലായിരിക്കുമെന്നും പുകവലി വിരുദ്ധ അഥോറിറ്റി പ്രസിദ്ധീകരിച്ച കരടു രേഖയില്‍ പറയുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം