നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു വന്‍ ദേശീയ പ്രാധാന്യം: എം.ബി. രജേഷ് എംപി
Saturday, March 19, 2016 6:48 AM IST
കുവൈത്ത്: ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ മേയ് 16നു നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് ദേശീയതലത്തില്‍ വന്‍ പ്രാധാന്യമാണ് കൈവന്നിട്ടുള്ളതെന്ന് എം.ബി. രാജേഷ് എംപി. 'തെരഞ്ഞെടുപ്പും ഇന്ത്യന്‍ രാഷ്ട്രീയവും' എന്ന വിഷയത്തില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തീവ്ര ഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കിയും മതനിരപേക്ഷ ധൈഷണികതക്കുനേരെ ഭരണകൂട വിധ്വംസക പ്രവര്‍ത്തനങ്ങള്‍ കൊണ്ടും രാജ്യത്ത് ഭരണകൂടത്തിന്റെ അമിതാധികാര പ്രവണതകള്‍ കൊണ്ടും ആര്‍എസ്എസ് നിയന്ത്രിക്കുന്ന മോദി ഗവണ്‍മെന്റ് ജനജീവിതം ദുസഹമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓര്‍മ ഒരു ആയുധമാണ്. അത് രാഷ്ട്രീയമായ ഒരു പ്രക്രിയയാണ്. ജീവിതത്തെ സമരനിര്‍ഭരമാക്കിയ ഇഎംഎസ്, എകെജി, ബിഷപ് പൌലോസ് മാര്‍ പൌലോസ് എന്നിവരെ അനുസ്മരിച്ചുകൊണ്ടായിരുന്നു രാജേഷ് പ്രഭാഷണം ആരംഭിച്ചത്.

മോദി ഗവണ്‍മെന്റ് നടപ്പിലാക്കുന്ന തീവ്ര ഉദാരവത്കരണ നയങ്ങള്‍, വര്‍ധിച്ചു വരുന്ന വര്‍ഗീയ ഭീകരത, ഭരണകൂട അമിതാധികാര പ്രവണതകള്‍ ഇവയ്ക്കു നേരെ വര്‍ധിച്ച ജനരോഷമായിരിക്കും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പ്രകടമാകാന്‍ പോകുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. നവ ഉദാരവത്കരണ നയങ്ങളിലൂടെ 'നല്ല ദിനങ്ങള്‍' വന്നത് ഇന്ത്യയിലെ കുത്തകള്‍ക്കാണ്. മറിച്ച് സാധാരണക്കാരന്റെ ജീവിതം നാള്‍ക്കുനാള്‍ ദുസഹമായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.



ഇടതുപക്ഷ രാഷ്ട്രീയത്തെയും അതുയര്‍ത്തുന്ന ധൈഷണിക പ്രവര്‍ത്തങ്ങളേയും ഇല്ലായ്മ ചെയ്യുക എന്നതാണ് ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന മോദി ഗവണ്‍മെന്റിന്റെ പ്രധാന അജണ്ടയെന്നും രാജേഷ് വ്യക്തമാക്കി. സംഘപരിവാറിന്റെ ഹിന്ദുത്വം യഥാര്‍ഥ ഹിന്ദുത്വമല്ല. ഐഎസ്എസിന്റെ ഇസ്ലാം യഥാര്‍ഥ ഇസ്ലാമിക ചിന്തകള്‍ അല്ലാത്തതുപോലെ. സംഘപരിവാറിന്റെ കാവി ഹിംസയുടേതാണ്. മറിച്ച്, സ്വാമി വിവേകാനന്ദന്റെ കാവി പരിത്യാഗത്തിന്റേതായിരുന്നു. അദ്ദേഹം സദസിനോടായി പറഞ്ഞു.

വര്‍ഗീയതയേയും രാജ്യത്തു നടപ്പിലാക്കുന്ന ഉദാരവത്കരണ സാമ്പത്തിക നയങ്ങളേയും രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായും എതിര്‍ക്കുവാന്‍ കഴിയുന്നത് ഇടതുപക്ഷത്തിനു മാത്രമാണ്. അതിനു ചുക്കാന്‍ പിടിക്കുന്ന സിപിഎമ്മിനെ തകര്‍ത്താല്‍ ആര്‍എസ്എസ് അജണ്ട അനായാസമാകുമെന്ന് ബിജെപി കരുതുന്നു. ഈ രാഷ്ട്രീയത്തെ തിരിച്ചറിയുന്നവരായിരിക്കും കേരള ജനത എന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

സമ്മേളനത്തില്‍ കല കുവൈറ്റ് പ്രവര്‍ത്തകന്‍ ചുനക്കര രാജപ്പന്റെ കഥാസമാഹാരം 'അഭയം തേടുന്നവര്‍' സാം പൈനുംമൂടിനു നല്‍കി എം.ബി. രാജേഷ് പ്രകാശനം ചെയ്തു. സാഹിത്യവിഭാഗം സെക്രട്ടറി സജീവ് എം. ജോര്‍ജ് പുസ്തകം സദസിനു പരിചയപ്പെടുത്തി. ഇഎംഎസ്, എകെജി, ബിഷപ് പൌലോസ് മാര്‍ പൌലോസ് എന്നിവരെ പ്രജീഷ് കുറിപ്പ് അനുസ്മരിച്ചു. തുടര്‍ന്നു സംഗീത പരിപാടിയും സംഘടിപ്പിച്ചു.

കല കുവൈറ്റ് പ്രസിഡന്റ് ആര്‍. നാഗനാഥന്‍ അധ്യക്ഷത വഹിച്ച സെമിനാറില്‍ ജനറല്‍ സെക്രട്ടറി സി.കെ. നൌഷാദ്, ശ്രീലാല്‍ (കേരള അസോസിയേഷന്‍), സത്താര്‍ കുന്നില്‍ (ഐഎന്‍എല്‍), വര്‍ഗീസ് പുതുകുളങ്ങര (ഒഐസിസി), ബഷീര്‍ ബാത്ത (കെഎംസിസി), ശാന്ത ആര്‍. നായര്‍ (വനിതാവേദി), എന്‍. അജിത്ത് കുമാര്‍ (കല കുവൈറ്റ്), കല കുവൈറ്റ് ട്രഷറര്‍ അനില്‍ കൂക്കിരി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍