ഇന്തോ- അമേരിക്കന്‍ പ്രസ്ക്ളബ് ഡാളസ് ചാപ്റ്ററിനു പുതിയ നേതൃത്വം
Friday, March 18, 2016 8:24 AM IST
ഡാളസ്: ഇന്തോ- അമേരിക്കന്‍ പ്രസ്ക്ളബ് ടെക്സസ് ചാപ്റ്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിനായി ഡാളസിലും ഹൂസ്റണിലും പുതിയ ചാപ്റ്റുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡാളസ് കേന്ദ്രമായി പുതിയ ചാപ്റ്റര്‍ രൂപീകരിച്ചു.

പുതിയ ഭാരവാഹികളായി സാം മത്തായി (പ്രസിഡന്റ്), പ്രഫ. ജോയി പുല്ലാട്ടുമഠം, ഏലിക്കുട്ടി ഫ്രാന്‍സിസ്, രാജു തരകന്‍ (വൈസ് പ്രസിഡന്റുമാര്‍), ദീപക് കൈതക്കപ്പുഴ (ജനറല്‍ സെക്രട്ടറി), സാബു ചെറിയാന്‍ (ജോ. സെക്രട്ടറി), വില്‍സണ്‍ തരകന്‍ (ട്രഷറര്‍) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഷാജി മണിയാട്ട്, മീനാ നിബു, തോമസ് രാജന്‍, രവി എടത്വ, സുജന്‍ കാക്കനാട്, ചെറിയാന്‍ അലക്സാണ്ടര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ഇര്‍വിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പുതിയ ചാപ്റ്ററിന്റെ ഉദ്ഘാടനം നാഷണല്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. മാത്യു ജോയ്സ് നിര്‍വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷാജി രാമപുരം അധ്യക്ഷതവഹിച്ചു. രണ്ടു മാസത്തിലൊരിക്കല്‍ സെമിനാറുകളും വര്‍ക്ഷോപ്പുകളും നടത്തി മാധ്യമരംഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും സമ്മേളനം തീരുമാനിച്ചു.

സമ്മേളനത്തില്‍ വിശിഷ്ടാഥിതിയായിരുന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജണ്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ദീപക് കൈതക്കപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം