സംയുക്ത ഏകദിന സെമിനാര്‍ സമാപിച്ചു
Thursday, March 17, 2016 7:05 AM IST
ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസന നോര്‍ത്തേണ്‍ റീജണ്‍ സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും സംയുക്ത ഏകദിന സെമിനാര്‍ ലിന്‍ ബ്രൂക്ക് സെന്റ് മേരീസ് ദേവാലയത്തില്‍ നടന്നു.

വിവിധ ദേവാലയങ്ങളില്‍ നിന്നുമായി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്ത സെമിനാറില്‍ യല്‍ദോ മാര്‍ തീത്തോസ് അധ്യക്ഷത വഹിച്ചു. വലിയ നോമ്പിന്റെ അനുഭവത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തില്‍, ശരീരത്തേയും മനസിനേയും ദൈവത്തില്‍ സമര്‍പ്പിച്ച് വിശുദ്ധിയോടും വെടിപ്പോടും കൂടി നോമ്പാചരിച്ച്, ദൈവിക ചൈതന്യമുള്‍ക്കൊള്ളാന്‍ അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

അതേ സഹോദരാ, നിന്നെക്കൊണ്ട് എനിക്ക് കര്‍ത്താവില്‍ ഒരനുഭവം വേണ്ടിയിരിക്കുന്നു. ഫിലേമോന്‍ 1.20' എന്ന വേദഭാഗത്തെ ആധാരമാക്കി, പ്രഗല്ഭ വചന പ്രഘോഷകനും ആര്‍ച്ച് ഡയോസിസ് ജോയിന്റ് സെക്രട്ടറിയുമായ ഫാ. എബി മാത്യു പ്രഭാഷണം നടത്തി. തുടര്‍ന്നു റവ. ചട്ടത്തില്‍ ഗീവര്‍ഗീസ് തോമസ് കോര്‍ എപ്പിസ്കോപ്പായുടെ നേതൃത്വത്തില്‍ ധ്യാനവും വിശുദ്ധ കുമ്പസാരവും നടന്നു.

വികാരി ഫാ. ബിജോ മാത്യു, റവ. ഐസക്ക് പൈലി കോര്‍ എപ്പിസ്കോപ്പാ, റവ.ഡേവിഡ് ചെറുതോട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പാ, റവ. വര്‍ക്കി മുണ്ടക്കല്‍ കോര്‍ എപ്പിസ്കോപ്പാ, ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി (ഭദ്രാസന സെക്രട്ടറി), ഫാ. വര്‍ഗീസ് പോള്‍ (കൌണ്‍സില്‍ മെംബര്‍), ഫാ. രാജന്‍ പീറ്റര്‍, ഫാ. ആകാശ് പോള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഷെവലിയര്‍ ഏബ്രഹാം മാത്യു, ഷെവലിയര്‍ ബാബു ജേക്കബ് നടയില്‍, ഷെവലിയര്‍ സി.കെ.ജോയി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന 'ബൈബിള്‍ ക്വിസ്' പരിപാടിയിലെ വ്യത്യസ്തയാര്‍ന്ന ഒരിനമായിരുന്നു. വിമന്‍സ് ലീഗ് ജനറല്‍ സെക്രട്ടറി മിലന്‍ റോയി, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ് സെക്രട്ടറി ഷെവലിയര്‍ ഏബ്രഹാം മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തന അവലോകന ചര്‍ച്ചയില്‍ അംഗങ്ങളെല്ലാവരും പങ്കെടുത്തു. മെന്‍സ് ഫെലോഷിപ്പ് റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ഷെവലിയര്‍ വര്‍ഗീസ് പറമ്പാത്ത്, ഷെവലിയര്‍ സി.കെ. ജോയി, വിമന്‍സ് ലീഗ് റീജണല്‍ കോഓര്‍ഡിനേറ്റര്‍മാരായ ഷാന എം. ജോഷ്വാ, ബീനാ റോയി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി സെമിനാറിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍