ഇന്ത്യപ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു
Thursday, March 17, 2016 7:03 AM IST
ന്യൂയോര്‍ക്ക്: കമ്യൂണിക്കേഷന്‍സ് ടെക്നോളജിയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ ഭാഗമായി തഴച്ചുവളരുന്ന സോഷ്യല്‍ മീഡിയാകളുടെ അതിപ്രസരം കുടുംബബന്ധങ്ങളുടെ ശിഥിലീകരണത്തിലേക്കു വഴി തെളിക്കുന്ന നിര്‍ണായക ഘടകമായി മാറിയതായി ഇന്ത്യപ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

സോഷ്യല്‍ മീഡിയായുടെ സ്വാധീനം എന്ന വിഷയത്തെ അധികരിച്ചു ഐപിസിഎന്‍എ മാര്‍ച്ച് 12നു (ശനി) ന്യൂയോര്‍ക്ക് ടൈബന്‍ സെന്ററില്‍ നടത്തിയ ഡിബേറ്റില്‍ ഇന്ത്യ എബ്രോഡ് ഡെപ്യൂട്ടി മാനേജിംഗ് എഡിറ്റര്‍ മുഖ്യപ്രബന്ധം അവതരിപ്പിച്ചു.

വിവാഹമോചനത്തിന്റെ 81 ശതമാനവും സോഷ്യല്‍ മീഡിയായുടെ ദുരുപയോഗം മൂലമാണു സംഭവിക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ നിരവധി ഉദാഹരണങ്ങള്‍ സഹിതം സമര്‍ഥിച്ചു. സോഷ്യല്‍മീഡിയായുടെ സദ്ഗുണങ്ങളും ദുര്‍ഗുണങ്ങളും ഒരു നാണയത്തിന്റെ ഇരുവശവുംപോലെ പരസ്പര ബന്ധിതമാണ്. ഇവ രണ്ടും തട്ടിച്ചു നോക്കുമ്പോള്‍ സത്ഗുണങ്ങള്‍ക്കാണു മുന്‍തൂക്കമെന്ന് ഐപിസിഎന്‍എ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റും ഏഷ്യനെറ്റ് വക്താവുമായ ഡോ. കൃഷ്ണകിഷോര്‍ അഭിപ്രായപ്പെട്ടു.

ഭാര്യ ഭര്‍തൃബന്ധം ആഴത്തില്‍ വേരോടുകയും പരസ്പരവിശ്വാസം വച്ചു പുലര്‍ത്തുകയും ചെയ്യുന്ന കുടുംബങ്ങളില്‍ സോഷ്യല്‍ മീഡിയായുടെ ഉപയോഗം ഒരു തരത്തിലും സ്വാധീനം ചെലുത്തുകയില്ലെന്നു ചര്‍ച്ചയില്‍ പാനലിസ്റായ ഡോ. സാറാ ഈശോ അഭിപ്രായപ്പെട്ടു.

സോഷ്യല്‍ മീഡിയായുടെ ദുരുപയോഗം തടയുന്നതിന് നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്നും ശക്തമായ നിയമനിര്‍മാണത്തിലൂടെ ഇതിനു തടയിടുവാന്‍ കഴിയുമെന്ന് ദീര്‍ഘകാലമായി അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുന്ന റാം ഛിരന്‍ പറഞ്ഞു.

ന്യൂജനറേഷന്‍, സോഷ്യല്‍ മീഡിയായുടെ അമിതസ്വാധീനത്തില്‍ അകപ്പെടുന്നത് എങ്ങനെയായിട്ടാകും എന്ന പ്രസക്തമായ ചോദ്യം ലാലി കളപ്പുരയ്ക്കല്‍ ഉയര്‍ത്തി.

ലോകത്തിന്റെ ഏതു കോണിലും നടക്കുന്ന സംഭവങ്ങള്‍ നിമിഷങ്ങള്‍ക്കകം ജനങ്ങളില്‍ എത്തിക്കുവാന്‍ കഴിയുന്ന മാധ്യമമായി സോഷ്യല്‍ മീഡിയ വളര്‍ന്നു കഴിഞ്ഞിട്ടുണ്െടന്ന് ഡോ. ഷാജി പൂവത്തൂര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയായുടെ വളര്‍ച്ച അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വളര്‍ച്ചയെ സാരമായി ബാധിച്ചെന്നാണ് ഐപിസിഎന്‍എ സ്ഥാപകപ്രസിഡന്റും ഇ-മലയാളി ചീഫ് എഡിറ്ററുമായ ജോര്‍ജ് ജോസഫ് അഭിപ്രായപ്പെട്ടത്.

വന്‍കിട ടെലിവിഷന്‍ ചാനലുകളില്‍ പോലും ലഭ്യമല്ലാത്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായിലാണ് ആദ്യമായി ജനമധ്യത്തിലെത്തുന്നതെന്നു ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

ചെറുപ്രായത്തില്‍ മാതാപിതാക്കള്‍ പുലര്‍ത്തുന്ന ജാഗ്രത ഒരു പരിധിവരെ ഇതിനെ നിയന്ത്രിക്കാനാകുമെന്നു ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ നല്‍കിയ നിര്‍ദ്ദേശം.

ഐപിസിഎന്‍എ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത പാനലിസ്റുകളെ നാഷണല്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കോഓര്‍ഡിനേറ്ററുമായ രാജ പള്ളത്ത് പരിചയപ്പെടുത്തി. ഡോ. ലീനാ ചര്‍ച്ച നിയന്ത്രിച്ചു. ഐപിസിഎന്‍എ പ്രസിഡന്റ് ശവിന്‍ മുഹമ്മ, സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്, ട്രഷറര്‍ ജോസ് കടാപുറം, പ്രിന്‍സ് മാര്‍ക്കോസ്, അനിയന്‍ ജോര്‍ജ്, ജിമ്മി ജോണ്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍