രാജാ കൃഷ്ണമൂര്‍ത്തിക്ക് ഇല്ലിനോയ്സ് പ്രൈമറിയില്‍ ഉജ്വല വിജയം
Thursday, March 17, 2016 7:02 AM IST
ഇല്ലിനോയ്സ്: ഡെമോക്രാറ്റിക്ക് പ്രെെമറിയില്‍ ഇല്ലിനോയ്സ് എട്ടാമത് കണ്‍ഗ്രിഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും മത്സരിച്ച രാജാ കൃഷ്ണമൂര്‍ത്തി ഉജ്വല വിജയം.

മാര്‍ച്ച് 15നു തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ രാജാ കൃഷ്ണ മൂര്‍ത്തി 43523 (56.9 ശതമാനം) നേടിയപ്പോള്‍ പ്രധാന എതിരാളി സെനറ്റര്‍ മൈക്കിള്‍ നോലണ്ടിന് ലഭിച്ചത് 22325 വോട്ടുകളാണ്. വില്ല പാര്‍ക്ക് മേയര്‍ 10,596 വോട്ടുകള്‍ കരസ്ഥമാക്കി.

നവംബര്‍ എട്ടിനു നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ രാജാ കൃഷ്ണമൂര്‍ത്തി യുടെ പ്രധാന എതിരാളി റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ പീറ്റ് ഡിസിയാനിയാണ്. സ്വതന്ത്ര സ്ഥാനാര്‍ഥി ബില്‍ ഫ്രേയ്സറും മത്സര രംഗത്തുണ്ട്.

ശിവാനന്ദന്‍ ലബോറട്ടറീസിന്റെ പ്രസിഡന്റായ രാജാ കൃഷ്ണമൂര്‍ത്തി (43) ഡല്‍ഹിയിലാണു ജനിച്ചത്.

ഷിക്കാഗോയില്‍ പ്രധാന പത്രങ്ങളായ ഷിക്കാഗോ സണ്‍ ടൈംസ്, ഡെയ് ലി ഹെറാള്‍ഡ്, ഷിക്കാഗോ ട്രെെബൂണ്‍ എന്നിവ രാജാ കൃഷ്ണമൂര്‍ത്തിയെ പിന്തുണച്ചതും മറ്റു നിരവധി പ്രമുഖരുടെ പിന്തുണയുമാണ് ഇത്രയും വലിയ ഭൂരിപക്ഷം ലഭിക്കുന്നതിനിടയായത്.

ഇന്ത്യയില്‍നിന്നു കുടിയേറിയ മാതാപിതാക്കളുടെ മകന്‍ രാജാ കൃഷ്ണമൂര്‍ത്തി ജനുവരി അഞ്ചിനാണു മത്സരരംഗത്തെത്തിയത്. പ്രസിഡന്റ് ഒബാമയുടെ യുഎസ് സെനറ്റ് കാമ്പയിനില്‍ പോളിസി ഡയറക്ടര്‍ ആയി കൃഷ്ണമൂര്‍ത്തി പ്രവര്‍ത്തിച്ചിരുന്നു.

പ്രിന്‍സ്റണ്‍ യൂണിവേഴ്സിറ്റി, ഹാര്‍വാര്‍ഡ് ലൊ സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും ബിരുദം നേടിയ രാജായുടെ വിജയത്തിനായി തദ്ദേശവാസികള്‍ക്കൊപ്പം ഇന്ത്യന്‍ വംശജരും സജീവമായി രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍