ഫാസിസത്തിനെതിരേ കല കുവൈറ്റ് ജാഗ്രത സദസ് സംഘടിപ്പിച്ചു
Wednesday, March 16, 2016 7:44 AM IST
കുവൈത്ത് സിറ്റി: ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തില്‍ സജീവ ചര്‍ച്ചയായിരിക്കുന്ന 'മതനിരപേക്ഷ ധൈഷണികതക്കു നേരെ' നടക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ജാഗ്രതാ സദസ് സംഘടിപ്പിച്ചു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജെഎന്‍യു ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധനും മുന്‍ പ്ളാനിംഗ് ബോര്‍ഡ് അംഗവുമായിരുന്ന ഡോ. കെ.എന്‍ ഹരിലാല്‍ മുഖ്യ പ്രഭാഷകനായിരുന്നു.

ഇന്ത്യയെ സാമ്രാജ്യത്വത്തിനു കീഴില്‍ അടിമപ്പെടുത്തി പശ്ചിമേഷ്യന്‍ രാജ്യങ്ങളായ സിറിയയുടേയും ഇറാക്കിന്റെയും സ്ഥിതിയിലേക്ക് ഇന്ത്യയെ കൊണ്െടത്തിക്കുമോ എന്ന ആശങ്ക രാജ്യത്ത് വ്യാപകമാകുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ 'ഫാസിസം' നടപ്പാക്കുക അത്ര എളുപ്പമല്ല. എങ്കിലും സ്വാതന്ത്യ്ര സമരത്തിലൂടെ നേടിയെടുത്ത സാഹോദര്യം വീണ്െടടുക്കേണ്ട കാലത്താണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം സദസിനെ ഓര്‍മിപ്പിച്ചു.

അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ജാഗ്രത സദസില്‍ കല ആക്ടിംഗ് പ്രസിഡന്റ് സി.കെ. സൈജു അധ്യക്ഷത വഹിച്ചു. മണ്‍മറഞ്ഞ സിനിമാതാരം കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ കല കുവൈറ്റ് സാഹിത്യ വിഭാഗം സെക്രട്ടറി സജീവ് എം. ജോര്‍ജ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

രാജീവ് ജോണ്‍,സത്താര്‍ കുന്നില്‍, ഹരീഷ് തൃപ്പൂണിത്തുറ, പി.ടി. ഷെരീഫ്, ജോണ്‍ മാത്യു, ടി.വി. ഹിക്മത്ത്, സി.കെ നൌഷാദ്, മൈക്കിള്‍ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍