ഭവനരഹിതന് ഒരു ലക്ഷം ഡോളര്‍ പ്രതിഫലം
Wednesday, March 16, 2016 7:39 AM IST
സാന്റാ അന്ന (കലിഫോര്‍ണിയ): അപ്രതീക്ഷിതമായി ലഭിച്ച ഒരുലക്ഷം ഡോളര്‍ ഭവനരഹിതന്റെ ജീവിതത്തില്‍ വഴിത്തിരിവായി.

ജനുവരിയില്‍ ഓറഞ്ച് കൌണ്ടിയില്‍ ജയിലില്‍നിന്നും ചാടിപ്പോയ പ്രതികളെ പിടികൂടാന്‍ സഹായിച്ചതിനു പ്രതിഫലമായി പ്രഖ്യാപിച്ചിരുന്ന ഒരു ലക്ഷത്തി അമ്പതിനായിരം ഡോളറിന്റെ മൂന്നില്‍ രണ്ടുഭാഗം ഇദ്ദേഹത്തിനു ലഭിച്ചത്.

മാര്‍ച്ച് 15നു ഓറഞ്ചു കൌണ്ടി ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസേഴ്സ് യോഗം ചേര്‍ന്നു പ്രതികളെ പിടികൂടാന്‍ സഹായിച്ച ഭവനരഹിതന്‍ മാത്യു ഹെ ചാപ്പമാന് ഒരു ലക്ഷം ഡോളര്‍ നല്‍കുന്നതിനുള്ള പ്രമേയം ഒന്നിനെതിരേ നാലു വോട്ടുകള്‍ക്ക് പാസാക്കി.

ജനുവരി 22നാണു മൂന്നു പ്രതികള്‍ ജയില്‍ ചാടിയത്. സാന്‍ഫ്രാന്‍സിസ്കോ പാര്‍ക്കിംഗ് ലോട്ടിലാണു പ്രതികളെ സംശയാസ്പദമായ രീതിയില്‍ ഭവനരഹിതന്‍ കണ്ടുമുട്ടിയത്. ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു പോലീസ് എത്തി ഇവരെ പിടികൂടുകയായിരുന്നു. ഭവനരഹിതന്റെ സന്ദര്‍ഭോചിതമായ ഇടപെടലിനെ സൂപ്പര്‍വൈസേഴ്സ് ബോര്‍ഡ് അംഗങ്ങള്‍ പ്രത്യേകം അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍