ബഹറിനില്‍ മലയാളികളുടെ താരരാജാവിന് ഉജ്വല വരവേല്‍പ്പ്
Tuesday, March 15, 2016 8:25 AM IST
മനാമ: ബിഗ് ഫെയ്സിന്റെ ബാനറില്‍ മുരളീധരന്‍ പള്ളിയത്ത് ഒരുക്കിയ 'ഉത്സവ് 2016' മെഗാ ഷോയില്‍ അതിഥിയായി എത്തിയ പത്മശ്രീ ഭരത് മോഹന്‍ലാലിനു ലാല്‍ കെയെഴ്സ് അംഗങ്ങള്‍ ബഹറിന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

ലാല്‍ കെയെഴ്സ് അംഗങ്ങളോട് കുശലാന്വേഷണം നടത്തിയ മോഹന്‍ലാല്‍ മണിക്കൂറുകളോളം അവരുടെ കുടുംബാംഗളോടൊപ്പം ചെലവിടുകയും ഒപ്പം നിന്ന് ഫോട്ടോയ്ക്ക് പോസുചെയ്യുകയും ചെയ്തു.

എണ്ണായിരത്തിലധികം ആളുകള്‍ തിങ്ങി നിറഞ്ഞ 'ഉത്സവ് 2016' ല്‍ ബഹറിന്‍ പ്രവാസികളെ ഇളക്കി മറിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ വേദിയിലേക്കെത്തിയത്. താന്‍ ബഹറിനില്‍ എത്തിയതുമുതല്‍ കേള്‍ക്കുന്നത് ലാല്‍ കെയര്‍സ് ബഹറിന്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളാണ്, അതില്‍ താന്‍ ഏറെ സന്തുഷ്ടനാണ്. ഒരാളെ സഹായിക്കുക എന്നത് ഈ കാലഘട്ടത്തില്‍ മഹത്തരമായ കാര്യം ആണ്. ലാല്‍ കെയെഴ്സ് ബഹറിന്‍ കോ ഓര്‍ഡിനേറ്റര്‍മാരായ ജഗത്, ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ ലാല്‍ കെയേഴ്സ് അംഗങ്ങള്‍ക്കും ആശംസ നേരുന്നതായും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ലാല്‍ കെയെഴ്സ് ബഹറിനിന്റെ സ്നേഹോപഹാരം ലാല്‍ കെയെര്‍സ് ബഹറിന്‍ കോ ഓര്‍ഡിനേറ്റര്‍മാരായ ജഗത് കൃഷ്ണകുമാര്‍, ഫൈസല്‍ എഫ്എം എന്നിവര്‍ ചേര്‍ന്നു മോഹന്‍ലാലിനു സമ്മാനിച്ചു.