ഫിലഡല്‍ഫിയ അതിരൂപതയുടെ കള്‍ച്ചറല്‍ ഹെറിട്ടേജ് മാസ് മാര്‍ച്ച് 19ന്
Tuesday, March 15, 2016 5:41 AM IST
ഫിലാഡല്‍ഫിയ: കരുണയുടെ ജൂബിലി വര്‍ഷത്തില്‍ ഫിലഡല്‍ഫിയ അതിരൂപതയുടെ അജപാലനപരിധിയില്‍ വരുന്ന മൈഗ്രന്റ് കാത്തലിക് കമ്യൂണിറ്റികളെയെല്ലാം ഒന്നിപ്പിച്ച് അതിരൂപത സാസ്കാരിക പൈതൃക ദിവ്യബലിയും പ്രവാസി കത്തോലിക്കരുടെ സംഗമവും നടത്തുന്നു.

മാര്‍ച്ച് 19നു (ശനി) ഉച്ചകഴിഞ്ഞു 1.30 മുതല്‍ ആണ് സാംസ്കാരികഘോഷ യാത്രയും കള്‍ച്ചറല്‍ ഹെറിറ്റേജ് ബലിയും അരങ്ങേറുക.

അതിരൂപതയുടെ ആസ്ഥാന ദേവാലയവും കരുണയുടെ ജൂബിലി വര്‍ഷത്തില്‍ പ്രാര്‍ഥനാപൂര്‍വം പ്രവേശിക്കുന്നവര്‍ക്കു പൂര്‍ണ ദണ്ഡവിമോചനം ലഭിക്കുന്ന തീര്‍ഥാടനകേന്ദ്രവുമായ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തീഡ്രലിലാണ് വിശുദ്ധ കുര്‍ബാനയും സാംസ്കാരിക ഘോഷയാത്രയും ക്രമീകരിച്ചിരിക്കുന്നത്. ഫിലഡല്‍ഫിയ ആര്‍ച്ച്ബിഷപ് ചാള്‍സ് ജെ. ചാപൂട്ട് ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച് കരുണാവര്‍ഷജൂബിലി സന്ദേശം നല്‍കും. അതിരൂപതയുടെ അജപാലന പരിധിയില്‍ വരുന്ന മൈഗ്രന്റ് കാത്തലിക് കമ്യൂണിറ്റികളൂടെ സ്പിരിച്വല്‍ ഡയറക്ടര്‍മാര്‍ ദിവ്യബലിയില്‍ സഹകാര്‍മികരാവും. കേരളീയ കത്തോലിക്കാ പൈതൃകം കാത്തുസൂക്ഷിക്കുന്ന പള്ളികളെ പ്രതിനിധീകരിച്ച് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളി വികാരി ഫാ. ജോണികുട്ടി ജോര്‍ജ് പുലിശേരി, സെന്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. റെനി കട്ടേല്‍, സെന്റ് ജൂഡ് സീറോ മലങ്കര ഇടവകവികാരി റവ. ഡോ. സജി മുക്കൂട്ട്, ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍മാരായ ഫാ. രാജു പിള്ള, ഫാ. ഷാജി സില്‍വ എന്നിവരും മറ്റു മൈഗ്രന്റ് കമ്യൂണിറ്റി വൈദികര്‍ക്കൊപ്പം സമൂഹബലിയില്‍ കാര്‍മികരാവും.

ദിവ്യബലിമധ്യേയുള്ള വിവിധ കര്‍മങ്ങളിലും പ്രാര്‍ഥനകളിലും ഗാനശുശ്രൂഷകളിലും വിവിധ രാജ്യക്കാര്‍ ഭാഗഭാക്കുകളാവും. ദിവ്യബലിക്കു മുമ്പുള്ള പ്രവേശന പ്രാര്‍ഥനാഗീതം, ബൈബിള്‍ പാരായണം, കാഴ്ചവയ്പ് പ്രദക്ഷിണം, ബലിവസ്തു സമര്‍പ്പണം, കാഴ്ചവയ്പ് ഗാനങ്ങള്‍, കുര്‍ബാന സ്വീകരണത്തിനുശേഷമുള്ള ഗാനങ്ങള്‍, അഷേഴ്സ്, അള്‍ത്താരശുശ്രൂഷകര്‍ എന്നിങ്ങനെ വിവിധ റോളുകള്‍ വിവിധ രാജ്യക്കാര്‍ കൈകാര്യം ചെയ്യും.

ദിവ്യബലിക്കു മുമ്പായി അരങ്ങേറുന്ന സാസ്കാരിക ഘോഷയാത്ര ഓരോ രാജ്യക്കാരുടെയും മഹത്തായ പൈതൃകവും വേഷവിധാനങ്ങളും വിളിച്ചോതും. പരമ്പരാഗതവേഷങ്ങള്‍ അണിഞ്ഞ് ഓരോ രാജ്യക്കാരും അവരവരുടെ ചര്‍ച്ച് ബാനറുകള്‍ക്കു കീഴില്‍ നിരനിരയായി പ്രദക്ഷിണത്തില്‍ പങ്കെടുക്കും. ഒരു വിശ്വാസം, ഒരു കുടുംബം, പല ആചാരങ്ങള്‍ എന്നതാണ് ഈ വര്‍ഷത്തെ കള്‍ച്ചറല്‍ ഹെറിറ്റേജ് മാസിന്റെ ചിന്താവിഷയം.

അതിരൂപതയുടെ ഓഫീസ് ഫോര്‍ പാസ്ററല്‍ കെയര്‍ ഫോര്‍ മൈഗ്രന്റ്സ് ആന്‍ഡ് റഫ്യൂജീസ് ഡിപ്പാര്‍ട്ട്മെന്റ് ആണു കള്‍ച്ചറല്‍ ഹെറിട്ടേജ് പ്രോസഷനും ദിവ്യബലിയും സ്പോണ്‍സര്‍ ചെയ്യുന്നത്. ഏഷ്യന്‍, ആഫ്രിക്കന്‍, യൂറോപ്യന്‍, ബ്രസീലിയന്‍ മൈഗ്രന്റ് കാത്തലിക്കരെ കൂടാതെ നേറ്റീവ് അമേരിക്കന്‍ ഇന്ത്യന്‍ കത്തോലിക്കരും ക്നാനായ, സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ എന്നീ ഭാരതീയ കത്തോലിക്കരും പങ്കെടുത്ത് തങ്ങളുടെ സംസ്കാരവും പൈതൃകവും മറ്റു സമൂഹങ്ങള്‍ക്കു അനുഭവവേദ്യമാക്കും. മൈഗ്രന്റ് സമൂഹങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നതിനും പരസ്പര സ്നേഹത്തിലും സഹകരണത്തിലും വസിക്കുന്നതിനും ക്രൈസ്തവ വിശ്വാസത്തില്‍ ആഴപ്പെടുന്നതിനും ഓരോ കുടിയേറ്റസമൂഹത്തിന്റെയും മഹത്തായ പൈതൃകം മറ്റുള്ളവര്‍ക്കുകൂടി അനുഭവവേദ്യമാക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.