കുവൈത്ത് പ്രതിനിധിസംഘം മാര്‍ച്ച് 15, 16, 17, 18 തീയതികളില്‍ കേരളത്തില്‍
Monday, March 14, 2016 6:26 AM IST
കുവൈത്ത്: കുവൈത്ത് ആരോഗ്യമന്ത്രാലയ പ്രതിനിധി സംഘം മാര്‍ച്ച് 15, 16, 17, 18 തീയതികളില്‍ കേരളം സന്ദര്‍ശിക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അണ്ടര്‍ സെക്രട്ടറിമാരായ ഡോ. ജമാല്‍ അല്‍ഹര്‍ബിയുടെയും ഡോ. മഹ്മൂദ് അബ്ദുല്‍ഹാദിയുടെയും നേതൃത്വത്തിലുള്ള സംഘമാണു കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നത്.

നഴ്സിംഗ് റിക്രൂട്ട്മെന്റ് നടപടി ക്രമങ്ങളുടെ ഭാഗമായി കുവൈത്തില്‍നിന്നു മാര്‍ച്ച് 15നു പുറപ്പെടുന്ന സംഘം നോര്‍ക്ക സംഘമായും കേരള സര്‍ക്കാരുമായും ചര്‍ച്ചകള്‍ നടത്തും. വിദേശങ്ങളിലേക്കുള്ള നഴ്സിംഗ് നിയമനത്തിനായി സ്വകാര്യ ഏജന്‍സികള്‍ ലക്ഷങ്ങള്‍ കൈക്കൂലി ഈടാക്കുന്നതായി കണ്ടത്തിെയതിനെ തുടര്‍ന്നാണു പ്രൈവറ്റ് ഏജന്‍സികളെ ഒഴിവാക്കി ഇന്ത്യയില്‍നിന്നുള്ള നഴ്സിംഗ് നിയമനം സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി പരിമിതപ്പെടുത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം തീരുമാനിച്ചത്. ഇതിനായി കേരള സര്‍ക്കാറിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്സ്, ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ളോയ്മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്സ് (ഒഡാപെക്), തമിഴ്നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ എന്നീ ഏജന്‍സികളെയാണു നിജപ്പെടുത്തിയിരുന്നത്.

റിക്രൂട്ട്മെന്റ് ത്വരിതപ്പെടുത്താനുള്ള ഭാഗമായി കഴിഞ്ഞമാസം കുവൈത്ത് സന്ദര്‍ശിച്ച സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, സിഇഒ ആര്‍.എസ്. കണ്ണന്‍ എന്നിവര്‍ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിനിന്റെ സാന്നിധ്യത്തില്‍ ആരോഗ്യമന്ത്രാലയം അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണു കുവൈത്ത് സംഘത്തിന്റെ കേരള സന്ദര്‍ശനത്തിനു ധാരണയായത്. കഴിഞ്ഞ വര്‍ഷം നിശ്ചയിച്ച യാത്ര സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍