കമ്യൂണിറ്റി സ്കൂളിനോട് ഖത്തര്‍ അധികൃതര്‍ക്ക് അനുകൂല നിലപാട്
Saturday, March 12, 2016 8:17 AM IST
ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ എന്ന ആശയത്തോട് ഖത്തര്‍ വിദ്യഭ്യാസ വകുപ്പിനു അനുകൂല നിലപാടാണെന്ന് ഈ ആശയവുമായി ഗവണ്‍മെന്റിനെ സമീപിച്ച മാധ്യമപ്രവര്‍ത്തകന്‍ ജോസഫ് വര്‍ഗീസും ഐസിസി പ്രസിഡന്റ് ഗിരീഷ് കുമാറും പറഞ്ഞു.

2014ല്‍ പ്രവേശനപ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലാണ് കമ്യൂണിറ്റി സ്കൂള്‍ എന്ന ആശയവുമായി അധികൃതരെ സമീപിച്ചതെന്ന് ഐസിസി പ്രസിഡന്റ് ഗിരീഷ്കുമാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രാലയത്തിന് ഇപ്പോഴും അനുകൂലനിലപാടാണെന്നാണ് മനസിലാക്കുന്നത്. ഇന്ത്യന്‍ എംബസിയില്‍ നിന്ന് കത്ത് കൊണ്ടുവരണമെന്നാണ് അന്ന് കൌണ്‍സിലില്‍ നിന്ന് ആവശ്യപ്പെട്ടത്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളെയും ഐസിസി, ഐബിപിഎന്‍, ഐസിബിഎഫ് പ്രതിനിധികളെയും ഉള്‍പ്പെടുത്തി 14 പേരടങ്ങുന്ന അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ച് ഇതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. ഇന്ത്യന്‍ അംബാസഡറോട് ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹം അനുകൂലനിലപാട് അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ എംബസിയിലെ വിദ്യഭ്യാസ വിഭാഗത്തെ തുടര്‍ കാര്യങ്ങള്‍ക്കായി ചുമതലപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ എംബസിയില്‍ നിന്ന് കത്ത് ലഭിക്കണമെങ്കില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തില്‍ നിന്നുള്ള അനുമതി വേണം. അതത്ര എളുപ്പത്തില്‍ സാധിക്കില്ല. രണ്ടു സര്‍ക്കാരുകള്‍ തമ്മിലുള്ള കാര്യമായതിനാല്‍ എല്ലാ വശങ്ങളും പരിശോധിച്ച് ശേഷമേ നടപടിയുണ്ടാകു. ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയത്തിനുമേല്‍ ശക്തമായ സമ്മര്‍ദമുണ്ടാകേണ്ടതുണ്െടന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിറ്റി സ്കൂള്‍ വേണമെന്ന ആവശ്യവുമായി 2014 ഡിസംബറില്‍ അന്നത്തെ സുപ്രീം വിദ്യാഭ്യാസ കൌണ്‍സിലിലെ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറെ നേരിട്ട് കണ്ടിരുന്നതായി ജോസഫ് വര്‍ഗീസ് പറഞ്ഞു. 3,000 മുതല്‍ 4,000 വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ കമ്യൂണിറ്റി സ്കൂള്‍ ആരംഭിക്കുന്നതിന് സൌജന്യമായി കെട്ടിടവും വെള്ളവും വൈദ്യുതിയും മറ്റു സൌകര്യങ്ങളും ലഭ്യമാക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ തമ്മില്‍ ഉഭയകക്ഷിതലത്തില്‍ കാര്യങ്ങള്‍ നീക്കിയാലേ ഇതു യാഥാര്‍ഥ്യമാകൂ എന്നായിരുന്ന അവരുടെ നിലപാട്.