കെഎച്ച്എന്‍എ യുവ ദേശീയ സമിതി നിലവില്‍ വന്നു
Saturday, March 12, 2016 3:06 AM IST
ഫ്ളോറിഡ: കെഎച്ച്എന്‍എ യുവ ദേശീയ അധ്യക്ഷനായി ഹരി ശിവരാമനെയും ഉപാധ്യക്ഷനായി ബിനീഷ് വിശ്വംഭരനെയും തിരഞ്ഞെടുത്തതായി പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു. സാമൂഹ്യ -സംഘടനാ രംഗത്ത് വ്യക്തി വൈഭവം തെളിയിച്ചിട്ടുള്ള ഹരി ഹുസ്റണിലെ ഹൈന്ദവ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി സജീവ സാന്നിധ്യം അറിയിക്കുന്നു. കൂടാതെ നാരായണീയം പഠനക്ളാസ് ഉള്‍പ്പടെ ഭാരതീയ പൈതൃക വിജ്ഞാന ശാഖകളുടെ പ്രചരണത്തിനും അതു വരുംതലമുറകളിലേക്കുപകര്‍ന്നു കൊടുക്കുന്നതിനുള്ള വിവിധ കര്‍മപരിപാടികളിലും അദ്ദേഹം ഇപ്പോള്‍ വ്യാപൃതനാണ്. ബിനീഷ് ആകട്ടെ കേരളാ ഹിന്ദുസ് ഓഫ് സൌത്ത് ഫ്ളോറിഡയുടെ മുന്‍ ട്രഷറര്‍ ഉള്‍പ്പടെ ഫ്ളോറിഡയിലെ ഹൈന്ദവ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം. തൊഴില്‍ പരമായി ഇരുവരും മെഡിക്കല്‍ രംഗം പ്രധാന പ്രവര്‍ത്തന മേഖലയായി സ്വീകരിച്ചവരാണ് .

ഇവരെ കൂടാതെ നോര്‍ത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു അനീഷ് രാഘവന്‍ (നോര്‍ത്ത് കരോലിന ),ബൈജു മേനോന്‍ (ഇല്ലിനോയ്), ദീപക് പിള്ള (ഡിസി), റിനുപിള്ള (ഒഹിയോ) , സന്ദീപ് പാലക്കല്‍ (മിഷിഗണ്‍ ), ഗോപകുമാര്‍ (ഡാളസ്), മധു ചെറിയേടത്ത് (ന്യൂജേഴ്സി), സുനില്‍ നായര്‍ (സാന്‍ ഫ്രാന്‍സിസ്കോ), സുരേഷ് നായര്‍ (ഇല്ലിനോയ്) തുടങ്ങിയവര്‍ സമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. കെഎച്ച്എഎ യുവജന കുടുംബ സംഗമം മെയ് ആറു മുതല്‍ എട്ടുവരെ നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റില്‍ നടത്തും. അതിനായുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നു ഇവന്റ് കമ്മിറ്റി ചെയര്‍ അംബികാ ശ്യാമള അറിയിച്ചു. രഞ്ജിത് നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം