ട്രാസ്ക് ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
Friday, March 11, 2016 8:42 AM IST
കുവൈത്ത്: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റിന്റെ (ട്രാസ്ക്) ഭാരവാഹികള്‍, ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിനിനെ സന്ദര്‍ശിച്ചു. 34 വര്‍ഷങ്ങളായി പല രാജ്യങ്ങളിലായി സേവനം അനുഷ്ഠിക്കുന്ന സുനില്‍ ജയിന്‍, 2013 ഡിസംബര്‍ മുതല്‍ കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ആണ്.

ഇന്ത്യയിലും കുവൈത്തിലും കഴിഞ്ഞ പത്തു വര്‍ഷങ്ങളായി നടത്തി വരുന്ന സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍, കായിക വിഭാഗം, മാധ്യമവിഭാഗം, അര്‍ഹിക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസ സഹായം എന്നീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അംബാസഡറെ ധരിപ്പിച്ചു. പുതിയ കമ്മിറ്റിയുടെ വിശദ വിവരങ്ങള്‍ കൈമാറുകയും പത്താം വര്‍ഷത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിവിധ പരിപാടികളെ കുറിച്ച് വിശദമാക്കുകയും ചെയ്തു.

കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ദിനം പ്രതി ആക്കുന്നതിനെക്കുറിച്ചും എയര്‍പോര്‍ട്ടില്‍ നിന്ന് ക്യാമ്പ് ഏരിയകള്‍ ആയ മിന അബ്ദുള്ള, മംഗഫ് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള ബസ് സര്‍വീസ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും പ്രതിനിധികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

ട്രാസ്ക് ഭാരവാഹികളയ സെബാസ്റ്യന്‍ വാതൂക്കാടന്‍, പി.ആര്‍. അജയകുമാര്‍, ബിജു കടവി, വി.എ. ജോസഫ്, രാജേഷ് കല്ലായില്‍, ഹരി കുളങ്ങര എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍