പ്രവാസി വോട്ടുചേര്‍ക്കല്‍: ദുബായി കെഎംസിസിയില്‍ വിപുലമായ സൌകര്യം
Thursday, March 10, 2016 8:58 AM IST
ദുബായി: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു ദുബായി കെഎംസിസിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി മാര്‍ച്ച് 11നു (വെള്ളി) രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തു വരെ ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്ത് വോട്ടേഴ്സ് ലിസ്റില്‍ ഓണ്‍ലൈന്‍ വഴി വോട്ട് ചേര്‍ക്കുന്നതിനു സൌകര്യമൊരുക്കിയിട്ടുണ്ട്.

വിവിധ മണ്ഡലങ്ങള്‍ക്കു പ്രത്യേക കൌണ്ടറുകള്‍ ഒരുക്കിയാണു വോട്ട് ചേര്‍ക്കുന്നത്. വീസ പേജ്, അഡ്രസ് പേജ് ഉള്‍പ്പടെയുള്ള പാസ്പോര്‍ട്ട് കോപ്പിയും വീട്ടിലെ ഒരംഗത്തിന്റെ ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡിന്റെ കോപ്പി ഒരു ഫോട്ടോ എന്നിവയാണു വോട്ടേഴ്സ് ലിസ്റില്‍ പേരു ചേര്‍ക്കാന്‍ ആവശ്യമായ രേഖകള്‍. ഇങ്ങനെ ചേര്‍ക്കുന്ന അപേഷകള്‍ നാട്ടില്‍ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് നേരിട്ട് എത്തിച്ച് വോട്ടേഴ്സ് ലിസ്റില്‍ ഉള്‍പ്പെടുത്തുമെന്നു സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഒ.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇസ്മയില്‍ ഏറാമല പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന ഭാരവാഹികളായ ഹനീഫ് കല്‍മട്ട, അഷ്റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു കോഓര്‍ഡിനേറ്റര്‍മാരായി ഷഹീര്‍ കൊല്ലം, നിഹ്മത്തുള്ള മങ്കട, സുഫൈദ് ഇരിങ്ങണ്ണൂര്‍, സലാം കന്യാപ്പാടി, ടി.എം.എ. സിദ്ദീഖ്,മുഹമ്മദ് പുറമേരി, ജാഫര്‍ നിലയിടത്ത്, ഇര്‍ഷാദ് മലപ്പുറം, മുഹമ്മദ് അക്ബര്‍ ഗുരുവായൂര്‍, പി.ഡി നൂറുദ്ദീന്‍ എന്നിവരെ തെരഞ്ഞെടുത്തു. ഉമ്മര്‍ കോയ നടുവണ്ണൂര്‍, ജസീല്‍കായണ്ണ എന്നിവര്‍ രജിസ്ട്രേഷന്‍ ചുമതല നിര്‍വഹിക്കും. ചെമുക്കന്‍ യാഹുമോന്‍, ഹംസ പയ്യോളി, മുസ്തഫ വേങ്ങര,സുബൈര്‍ വെള്ളിയോട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.