കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സുമായി സഹകരിച്ചുകൊണ്ട് ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറവുമായി ചേര്‍ന്നു അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പില്‍ സംഘടിപ്പിക്കുന്നു.
മാര്‍ച്ച് 11നു രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നടക്കുന്ന ക്യാമ്പ് ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന് ഉദ്ഘാടനം ചെയ്യും. നാഷണല്‍ സെക്യൂരിറ്റിയുടെ മെഡിക്കല്‍ വിഭാഗം അധികൃതര്‍ ക്യാമ്പ് സന്ദര്‍ശിക്കും.
ജനറല്‍ മെഡിസിന്, ഹൃദയസംബന്ധമായ രോഗങ്ങള്‍, ത്വക്ക് രോഗം, ശിശുരോഗ വിദഗ്ധര്‍, നേത്രരോഗ വിദഗ്ധര്‍, ദന്തരോഗ വിദഗ്ധര്‍ തുടങ്ങി, ന്യൂറോളജി, യൂറോളജി, ഗൈനക്കോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം ആളുകളെ പരിശോധിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ഇതുവരെയായി 1850 പേരുകളാണ് രജിസ്റര്‍ ചെയ്തിട്ടുള്ളത്. സാധാരണക്കാരായ പ്രവാസികളെ അലട്ടുന്ന ബിപി, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവ പരിശോധിക്കുന്നതിനുള്ള സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളില്‍ പ്രാഗത്ഭ്യം നേടിയ അമ്പതോളം ഡോക്ടര്‍മാരും അമ്പതിലധികം നഴ്സുമാരും പാരാമെഡിക്കല്‍ സ്റാഫ് അംഗങ്ങളും മുഴുവന്‍ സമയവും ക്യാമ്പില്‍ ഉണ്ടായിരിക്കും.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ആണ് മെഡിക്കല്‍ ക്യാമ്പിന്റെ സ്പോന്സര്മാര്.
പതിനഞ്ച് വര്‍ഷക്കാലത്തെ ജീവകാരുണ്യ പ്രവര്‍ത്തനം കൊണ്ട് കുവൈത്തില്‍ സ്വന്തമായി ഇടം കണ്െടത്തിയ പ്രസ്ഥാനമാണ് കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്. കുടുംബ ക്ഷേമ നിധി, അംഗത്വ ക്ഷേമനിധി, പെന്ഷന്, വൈദ്യ പരിശോധനാ സഹായം, ഗൃഹ നിര്‍മാണ സഹായം, കിഡ്നി ഡയാലിസിസ് സെന്ററുകള്‍, നിരാലംബരായ രോഗികള്‍ക്ക് നല്കി വരുന്ന സാന്ത്വന സഹായങ്ങള്‍ തുടങ്ങി പ്രവര്‍ത്തന മേഖല വിശാലമാണ്. പുതിയ സംരംഭമായ ഏര്‍ളി ഡിറ്റക്ഷന്‍ സെന്റര്‍ (ഹൃദ്രോഗം നേരത്തെ കണ്െടത്തുന്നതിനുള്ള രോഗ നിര്‍ണയ കേന്ദ്രം), കുടിവെള്ള പദ്ധതി, നിര്‍ധനരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്, അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡുകള്‍, മരണപ്പെട്ട അംഗങ്ങളുടെ മക്കള്‍ക്ക് പന്ത്രണ്ടാം ക്ളാസ് വരെ നല്കി വരുന്ന വിദ്യാഭ്യാസ സഹായങ്ങള്‍ തുടങ്ങി കെകെഎംഎ യുടെ ചാരിറ്റി മേഖല നിരവധിയാണ്.
കെകെഎംഎ വൈസ് ചെയര്മാന്മാരായ അബ്ദുല്‍ ഫത്താഹ് തൈയില്‍, എന്‍.എ. മുനീര്‍, പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍, ഐഡിഎഫ് പ്രസിഡന്റ് എം. എസ്. ഗ്രോവര്‍, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് കണ്ട്രി ഹെഡ് അഫ്സല് ഖാന്, കെകെഎംഎ ജനറല്‍ സെക്രട്ടറി കെ. ബഷീര്‍, വര്‍ക്കിംഗ് പ്രസിഡന്റ് കെ.സി. റഫീക്ക് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍