കാലാവസ്ഥ വ്യതിയാനം നാളെയും തുടരും
Thursday, March 10, 2016 6:36 AM IST
അബുദാബി: പൂര്‍വ അറേബ്യന്‍ ഉപദ്വീപുകള്‍ കേന്ദ്രീകരിച്ചു സംജാതമായ ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ആരംഭിച്ച കാലാവസ്ഥ വ്യതിയാനം വ്യാഴാഴ്ച വൈകിട്ടു വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നതിനും ശക്തമായ ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ട്.

ഇന്നു യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച കൊടുങ്കാറ്റ് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗത്തിലായിരുന്നു. ബത്തീന്‍ വിമാനത്താവളത്തില്‍ 126 കിലോമീറ്റര്‍ വരെ രേഖപ്പെടുത്തി. കിഴക്കന്‍ മേഖലകളില്‍ 110 മില്ലീ മീറ്റര്‍ വരെ മഴ രേഖപ്പെടുത്തി.

കനത്ത മഴയെത്തുടര്‍ന്നു റോഡുകളില്‍ ഉണ്ടായ വെള്ളക്കെട്ടുകള്‍ ഇനിയും ഒഴിഞ്ഞിട്ടില്ല. ഇതു ഗതാഗതത്തെ താറുമാറാക്കി. അബുദാബി-ദുബായി റോഡിലെ ജബല്‍ അലി ഭാഗത്ത് രാവിലെ ആരംഭിച്ച ഗതാഗതക്കുരുക്ക് വൈകുന്നേരം വരെ തുടര്‍ന്നു. റോഡിലെ ഡിവൈഡറുകള്‍ പോലീസ് എത്തി എടുത്തു നീക്കി വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയായിരുന്നു. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമ ഗതാഗതം ഉച്ചകഴിഞ്ഞ് രണ്േടാടെ പുനരാരംഭിച്ചു.

അബുദാബിയിലെ മിക്ക ഓഫീസുകളും ഉച്ചയോടെ അടച്ചു. സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്െടങ്കിലും നാളെ നടക്കുന്ന സിബിഎസ്സി ബോര്‍ഡ് പരീക്ഷക്ക് മാറ്റമില്ലെന്നു സ്കൂള്‍ അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള