സമസ്ത ബഹറിന്‍ കേന്ദ്ര ആസ്ഥാനം സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
Thursday, March 10, 2016 6:35 AM IST
മനാമ: സമസ്ത കേരള സുന്നീജമാഅത്ത് ബഹറിന്‍ കേന്ദ്ര കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം മാര്‍ച്ച് 11 (വെള്ളി) മുതല്‍ മനാമയിലെ ഗോള്‍ഡ് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

പുതിയ ഓഫീസിന്റെ ഉദ്ഘാടനം രാത്രി 8.30ന് സമസ്ത ഉപാധ്യക്ഷന്‍ കൂടിയായ പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.

മനാമ ഗോള്‍ഡ് സിറ്റിയുടെ കിഴക്കു ഭാഗത്ത് 14 -ാം നമ്പരിലുള്ള പ്രവേശന കവാടത്തിനു മുകളില്‍ ഒന്നാം നിലയില്‍ സ്ഥിതി ചെയ്യുന്ന വിശാലമായ ഓഡിറ്റോറിയവും സൌകര്യപ്രദമായ ക്ളാസ് റൂമുകളുമടങ്ങിയതാണു പുതിയ ഓഫീസ് സമുച്ചയം.

ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ചു നടത്തുന്ന പൊതു പരിപാടിയില്‍ ബഹറിനിലെ അറിയപ്പെട്ട പണ്ഡിതന്‍ ഷെയ്ഖ് ഇബ്രാഹിം അബ്ദുല്ലത്തീഫ് ആലുസഅ്ദ്, ബഹറിന്‍ പാര്‍ലമെന്റ് അംഗം അബ്ദുല്‍ വാഹിദ് അല്‍ ഖറാത്വ എന്നിവര്‍ മുഖ്യാഥിതികളായിരിക്കും. ചടങ്ങില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തും. സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയിദ് ഫക്രുദ്ദീന്‍ കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും.

ഉദ്ഘാടനത്തിന്റെ ഭാഗമായി തൊട്ടടുത്ത ദിവസങ്ങളിലും വിവിധ പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. 12നു (ശനി) വൈകുന്നേരം ആറിന് കുടുംബ സംഗമവും 13നു (ഞായര്‍) രാത്രി 8.30ന് ആദര്‍ശ സംഗമവും മജ്ലിസുന്നൂര്‍ ആത്മീയ സദസും ഇതിന്റെ ഭാഗമായി നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫക്റുദ്ദീന്‍ കോയ, കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ എസ്.എം. അബ്ദുല്‍ വാഹിദ്, വി.കെ.കുഞ്ഞഹമ്മദ് ഹാജി, ഉമറുല്‍ ഫാറൂഖ് ഹുദവി, ഹംസ അന്‍വരി മോളൂര്‍, ഹാഫിള്‍ ഷറഫുദ്ദീന്‍ മൌലവി, കെ.കെ. അഷ്റഫ് അന്‍വരി ചേലക്കര, അത്തിപ്പറ്റ സൈതലവി മുസ്ലിയാര്‍, മുസ്തഫ കളത്തില്‍ എന്നിവരും പ്രവര്‍ത്തകരായ ഉബൈദുള്ള റഹ്മാനി, സുലൈമാന്‍ പറവൂര്‍, ഷംസുദ്ദീന്‍ പാനൂര്‍, ശിഹാബ് കോട്ടക്കല്‍, കെ.എം.മുഹമ്മദ്, അബ്ദുറസാഖ് തലശേരി, ശാനവാസ് കൊല്ലം എന്നിവരും പങ്കെടുത്തു.