യുഎഇയില്‍ കനത്ത മഴ; സ്കൂളുകള്‍ക്ക് അവധി
Wednesday, March 9, 2016 4:21 AM IST
അബുദാബി: യുഎഇ എമിരേറ്റുകളിലുണ്ടായ കനത്ത മഴയിലും കാറ്റിലും ജനജീവിതം താറുമാറായി.

രാവിലെ 11 ഓടെ ആരംഭിച്ച ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടടങ്ങളാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശക്തമായ കാറ്റില്‍ നഗരത്തിലെ കെട്ടിടങ്ങളിലെ ഗ്ളാസ് ഭിത്തികളും പരസ്യ ബോര്‍ഡുകളും ഇളകി വീണു. ട്രാഫിക് ലൈറ്റ് സംവിധാനം തകരാറിലായി. വഴിയോരങ്ങളിലുള്ള മരങ്ങള്‍ റോഡുകളിലേക്കു കടപുഴകി വീണതോടെ ഗതാഗതം താറുമാറായി.

താഴ്ന്ന പ്രദേശങ്ങള്‍ ആകെ വെള്ളത്തിലാണ്. നഗരവാസികള്‍ കഴിവതും വീടുവിട്ട് ഇറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. നൂറുകണക്കിനു വാഹനങ്ങള്‍ക്കു കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. അബുദാബിയില്‍ വ്യാഴാഴ്ച സ്കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകളേയും ബാധിച്ചു. മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടു. ഇതുമൂലം പല വിമാനങ്ങളും വഴിതിരിച്ചു വിട്ടു. ഇവിടെ നിന്നു പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുകയാണ്.

60 നോട്ടിക്കല്‍ മൈല്‍ വേഗത്തിലാണ് കാറ്റു വീശിയതെന്നു കാലാവസ്ഥാ കേന്ദ്രങ്ങള്‍ പറയുന്നു. ശക്തമായ കാറ്റിന് ഇന്നും സാധ്യതയുണ്ടന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള