അബുദാബിയില്‍ എന്‍എംസി റോയല്‍ ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്തു
Tuesday, March 8, 2016 8:16 AM IST
അബുദാബി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയായ എന്‍എംസി ഹോസ്പിറ്റല്‍ അബുദാബിയിലെ ഷെയ്ഖ് ഖലീഫ സിറ്റിയില്‍ ഉദ്ഘാടനം ചെയ്തു.

ഇരുനൂറു ദശലക്ഷം ഡോളര്‍ മുതല്‍ മുടക്കില്‍ 500 കിടക്കകളും അതിനൂതന പരിശോധന സൌകര്യങ്ങളും 75,000 ചതുരശ്ര അടി വിസ്തൃതിയുള്ള ലോകോത്തര കാര്‍ഡിയോ വാസ്കുലര്‍ വിഭാഗമടക്കം എല്ലാ ചികിത്സാ പദ്ധതികളുമടങ്ങുന്ന ആശുപത്രിയുടെ ഉദ്ഘാടനം യുഎഇ സാംസ്കാരിക മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണു നിര്‍വഹിച്ചത്.

അബുദാബി വിഷന്‍ 2030 പദ്ധതി പ്രകാരം അബുദാബി എക്സിക്യൂട്ടീവ് കൌണ്‍സിലും ഹെല്‍ത്ത് അഥോറിറ്റിയും പതിച്ചു നല്‍കിയ സ്ഥലത്ത് റോയല്‍ എന്‍എംസി ഹോസ്പിറ്റല്‍ സാധ്യമാക്കിയ ഡോ. ബി.ആര്‍. ഷെട്ടിയുടെ നേതൃത്വം നാടിന്റെ ആരോഗ്യപരിപാലനരംഗത്ത് മികച്ച മാതൃകയാണെന്നു ഷെയ്ഖ് നഹ് യാന്‍ ബിന്‍ മുബാറക് അഭിപ്രായപ്പെട്ടു.

ആഗോള തലത്തില്‍ ലഭ്യമായ ഏറ്റവും പുതിയതും വികസിതവുമായ സൌകര്യങ്ങള്‍ അബുദാബിയിലേയും മറ്റു എമിറേറ്റുകളിലെയും ജനങ്ങള്‍ക്കു ലഭ്യമാക്കുകയാണ് റോയല്‍ എന്‍എംസി ഹോസ്പിറ്റലിന്റെ പ്രത്യേകത എന്ന് എന്‍എംസി ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനും സിഇഒയുമായ ഡോ. ബി.ആര്‍. ഷെട്ടി പറഞ്ഞു.

ഇടക്കാലത്ത് എന്‍എംസി ഹെല്‍ത്ത് കെയര്‍ ഏര്‍പ്പെട്ട ചില ഏറ്റെടുക്കല്‍ നടപടികള്‍ വഴി അക്യൂട്ട് കെയര്‍ വിദഗ്ധരായ പ്രൊവിറ്റ, ഹോം കെയര്‍ സേവന ദാതാക്കളായ അമെരി കെയര്‍ പോലുള്ള ഉന്നതസ്ഥാപനങ്ങളുടെ വൈദഗ്ധ്യവും പരിചയസമ്പത്തും യുഎഇ നിവാസികള്‍ക്ക് സാധ്യമായ ചെലവില്‍ ചികിത്സ സൌകര്യമായി ലഭിക്കുമെന്നും ജിസിസിയിലുടെ നീളം ഇത്തരം സംരംഭങ്ങള്‍ വികസിപ്പിക്കാനാണ് കമ്പനിയുടെ ശ്രമമെന്നും ഡോ. ബി.ആര്‍. ഷെട്ടി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള