'കേളി 2016' നാടകോത്സവം കുവൈത്തില്‍ സമാപിച്ചു
Tuesday, March 8, 2016 6:09 AM IST
കുവൈത്ത്: കേരള സംഗീത നാടക അക്കാദമി കുവൈത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി നാടകമത്സരമായ 'കേളി 2016' അരങ്ങേറി. ഫെബ്രുവരി 25, 26 ദിവസങ്ങളില്‍ സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സീനിയര്‍ ബ്രാഞ്ച് ഓഡിറ്റോറിയത്തില്‍ അഞ്ചു നാടകങ്ങളാണ് അരങ്ങേറിയത്.

ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഭാശിഷ് ഗോള്‍ഡര്‍ നാടക മത്സരം ഉദ്ഘാടനം ചെയ്തു. വിശിഷ്ട അതിഥിയും പ്രശസ്ത സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ സൂര്യ കൃഷ്ണമൂര്‍ത്തി പ്രവസികള്‍ക്കായി ചെയ്യുന്ന ഇത്തരം കല പ്രവര്‍ത്തനങ്ങളെ ശ്ളാഘിക്കുകയും കുവൈത്തിലെ നാടക പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു.

സുനില്‍ ചെറിയാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച നാടകപാഠത്തിന്റെ അഭയാര്‍ഥിപ്രശ്നം ഇതിവൃത്തമായ 'ലാജ്ഇന്‍' രണ്ടാമത്തെ നാടകമായ ശ്രുതി കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ചന്ദ്രമോഹന്‍ കണ്ണൂര്‍ രചിച്ച് ഐ.വി. സുരേഷ് സംവിധാനം ചെയ്ത 'പ്രതിരൂപങ്ങള്‍' എന്നിവ അരങ്ങേറി.

രണ്ടാം ദിവസം കെ.കെ. ഷമീജ് കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഫ്യൂചര്‍ ഐ തിയറ്ററിന്റെ 'കായന്തരണം'. കാഴ്ചയുടെ ബാനറില്‍ എല്‍ദോസ് മറ്റമന രചിച്ച് വില്‍സണ്‍ ചിറയത്ത് സംവിധാനം ചെയ്ത നാലാമത്തെ നാടകമായ 'ചുടല' ദിലീപ് നടേരി രചനയും സുരേഷ് തോലമ്പ്ര സംവിധാനവും നിര്‍വഹിച്ച നിര്‍ഭയ തിയറ്റേഴ്സിന്റ 'മുരിക്ക്' എന്നിവയും അരങ്ങേറി.

കെഎസ്എന്‍എ കുവൈത്ത് ചാപ്റ്റര്‍ ചെയര്‍മാന്‍ കെ.പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നടന്‍ യവനിക ഗോപാലകൃഷ്ണന്‍, മത്സരത്തിലെ വിധികര്‍ത്താക്കളായ പി. ബാലചന്ദ്രന്‍, ചന്ദ്രദാസന്‍, കമ്യൂണിറ്റി സ്കൂള്‍ ബോര്‍ഡ് ഓഫ് ട്രസ്റീസ് സെക്രട്ടറി വിജയന്‍ കാരയില്‍, കെഎസ്എന്‍എ കുവൈത്ത് ചാപ്റ്റര്‍ കോഓഡിനേറ്റര്‍ ദിലീപ് നടേരി, പ്രോഗ്രാം കണ്‍വീനര്‍ കെ.പി. സുരേഷ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ 2015 ലെ ഗള്‍ഫ് പ്രവാസ കലാശ്രീ അവാര്‍ഡ് ജേതാവ് അഷ്റഫ് കാളത്തോടിനു കലാശ്രീ ബാബു ചാക്കോള കെഎസ്എന്‍എ കുവൈറ്റ് ചാപ്റ്ററിന്റെ മൊമെന്റോ നല്‍കി ആദരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍