മസ്കറ്റില്‍ വിശ്വാസിസമൂഹം ഒന്നായി പ്രാര്‍ഥനാപൂര്‍വം യെമനുവേണ്ടി
Tuesday, March 8, 2016 4:55 AM IST
മസ്കറ്റ്: ഒമാന്റെ അയല്‍ രാജ്യവും ആഭ്യന്തര യുദ്ധങ്ങളും, ഭീകരാക്രമണങ്ങളും നേരിടുന്ന യെമനുവേണ്ടിയും, അവിടെ പ്രവര്‍ത്തിക്കുന്ന സന്യസ്തര്‍ക്കു വേണ്ടിയും തിങ്കളാഴ്ച രാവിലെ മുതല്‍ വൈകിട്ടുവരെ റുവി സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയില്‍ നടന്ന മുഴുദിവസ നിശബ്ദ ആരാധനയില്‍ നിരവധി പേര്‍ പങ്കെടുത്തു. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ പരിശുദ്ധ കുര്‍ബാന എഴുന്നെള്ളിച്ചുവച്ചായിരുന്നു ആരാധന. വൈകിട്ടു നടന്ന സമാപന പ്രാര്‍ത്ഥനകള്‍ക്കും വിശുദ്ധ കുര്‍ബനാക്കും വികാരി ഫാ. റാവുല്‍ റാമോസ് ഒഎഫ്എം കപ്പൂച്ചിന്‍ നേതൃത്വം നല്കി.

മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന ഏഡനിലെ അഗതി മന്ദിരത്തില്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൈകള്‍ കെട്ടി തലയ്ക്കു വെടിവെച്ചുകൊല്ലുകയും, ചാപ്പലില്‍ പ്രാര്‍ത്ഥനയില്‍ ആയിരുന്ന സലേഷ്യന്‍ വൈദികനും പാലാ രൂപതയിലെ രാമപുരം സ്വദേശിയുമായ 54 കാരനായ ഫാ.ടോം ഉഴുന്നാലിയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. അച്ചന്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി യെമനില്‍ സേവനം ചെയ്തുവരികയായിരുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം